കുട്ടാടന്പാടം റോഡ്: നിര്മാണം പൂര്ത്തീകരിക്കണം
കുട്ടാടന്പാടം റോഡ് നിര്മാണം ഒരു വര്ഷം പിന്നിട്ടിട്ടും പൂര്ത്തിയാകാത്തതിനാല് പ്രദേശവാസികള് ദുരിതത്തില്. പടിയൂര് പഞ്ചായത്തിലെ ഒമ്പത്, 10 വാര്ഡുകളുടെ അതിര്ത്തിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. 2016-17 വര്ഷത്തില് എംഎല്എ ഫണ്ടില് നിന്നും 20 ലക്ഷം രൂപ റോഡിനായി വകയിരുത്തിയിരുന്നു. റോഡ് നിര്മാണം വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്താണു നടത്തിയിരുന്നത്. എന്നാല്, ഇരുവശത്തും കരിങ്കല്ഭിത്തി കെട്ടി റോഡില് കട്ടക്കല്ലും ക്വാറിവേസ്റ്റും ഇട്ടതല്ലാതെ ഇതുവരെ കോണ്ക്രീറ്റ് ഇട്ടിട്ടില്ല. കരിങ്കല്ഭിത്തി കെട്ടിയതിനാല് റോഡിന്റെ ഒരു ഭാഗത്തുള്ള ഒട്ടേറെ കുടുംബങ്ങള് വെള്ളക്കെട്ട് ഭീഷണയിലാണ്. ഇതുകാരണം റോഡിന്റെ വീതിയും കുറഞ്ഞു. ഇരുവശത്തുമുള്ള വീടുകളിലേക്കു കടക്കുവാനുള്ള മാര്ഗവും അടഞ്ഞു. ജനപ്രതിനിധികളുമായി ചര്ച്ച ചെയ്യാതെയാണു റോഡ് നിര്മാണമാരംഭിച്ചതെന്നു 10-ാം വാര്ഡ് മെമ്പറായ സി.എം. ഉണ്ണികൃഷ്ണന് പറഞ്ഞു. പഞ്ചായത്ത് അധികൃതര് പരിശോധന നടത്തി നിര്മാണത്തില് അപാകതയുണ്ടെന്നു ബോധ്യപ്പെട്ടിരിന്നുവെന്നും ഇക്കാര്യം ബ്ലോക്ക് പഞ്ചായത്തില് അറിയിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് പറഞ്ഞു. അപാകതകള് പരിഹരിച്ച് റോഡ് നിര്മാണം പൂര്ത്തിയാക്കാന് നടപടിയാരംഭിച്ചിരുന്നെങ്കിലും ലോക്ക് ഡൗണ് കാരണമാണു പ്രവൃത്തികള് വൈകിയതെന്നു ബ്ലോക്ക് എന്ജിനീയറിംഗ് വിഭാഗം പറഞ്ഞു. ഈ ആഴ്ച തന്നെ റോഡ് നിര്മാണം പൂര്ത്തിയാക്കാനുള്ള നടപടിയാരംഭിക്കുമെന്നും അവര് അറിയിച്ചു.