വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഒരുക്കങ്ങൾ പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി. മുന്നൊരുക്കങ്ങളുടെ ഭാഗമായി റിട്ടേണിംഗ് ഓഫീസര്‍ കെ.എം. സുനില്‍കുമാറിനെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. കോളജ് ഓഡിറ്റോറിയത്തിലെ ഒരുക്കങ്ങളെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ബോധ്യപ്പെടുത്തി. പോളിംഗ് ഏജന്റുമാരുടെ ഐഡി കാര്‍ഡ് കൈപ്പറ്റാന്‍ നിര്‍ദേശം നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ച അകലം പാലിച്ച് കോളജ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ മൂന്നു കാബിനുകളിലായി 21 മേശകളിലാണു വോട്ടെണ്ണല്‍ നടക്കുക. ഒരു കാബിനില്‍ ആറു മേശയുണ്ടാകും. മണ്ഡലത്തില്‍ 300 വോട്ടിംഗ് യന്ത്രങ്ങളാണുള്ളത്. ഓരോ മേശയിലും മൂന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മൂന്നു ഏജന്റുമാരും ഉണ്ടായിരിക്കും. ഏജന്റുമാര്‍ക്ക് കാബിനില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ഉണ്ടായിരിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ അധികമുണ്ട്. കോളജ് ഗേറ്റ് മുതല്‍ ഓഡിറ്റോറിയം കവാടം വരെ മൂന്നിടത്ത് പോലീസ് സുരക്ഷ ഒരുക്കും. പുറത്തുനിന്നു ആര്‍ക്കും കോളജ് വളപ്പിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണ സംഘവും വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടാകും. യോഗത്തില്‍ ഇആര്‍ഒ ബാലകൃഷണന്, എആര്‍ഒ എ.ജെ. അജയ്, അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ വെങ്കിട്ടരാമന്, ഇരിങ്ങാലക്കുട ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.