പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം നടത്തി
ആളൂര്‍: ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായിട്ടുള്ള കല്ലേറ്റുംകരയിലുള്ള പ്രസ്തുത ടാങ്ക് ചോര്‍ച്ചയും കാലപ്പഴക്കവും മൂലം അപകട ഭീഷണിയിലായതിനാലാണ് പൊളിച്ച് പണിയുന്നതിനു തീരുമാനിച്ചത്. നിയോജകമണ്ഡലം ആസ്തി വികസന പദ്ധതി 201920 പ്രകാരം അന്നത്തെ എംഎല്‍എ ആയിരുന്ന പ്രഫ. കെ.യു. അരുണന് 30 ലക്ഷം രൂപ അനുവദിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടര്‍ന്ന് പഴയ ടാങ്ക് പൊളിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയാണു പുതിയ ടാങ്കിന്റെ പണികള്‍ ആരംഭിച്ചിരിക്കുന്നത്. 50,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയാണ് പുതിയ ടാങ്കിനുള്ളത്. കല്ലേറ്റുംകര വാട്ടര്‍ ടാങ്ക് പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ മുഖ്യാതിഥിയായിരുന്നു. കേരള വാട്ടര്‍ അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പൗളി പീറ്റര്‍, കല്ലേറ്റുങ്കര ഇടവക വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍, വാര്‍ഡ് മെമ്പര്‍ ടി.വി. ഷാജു, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.