കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്, മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയില്‍. കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടില്‍ വീട്ടില്‍ ടി.എം. മുകുന്ദ (63) നാണ് ജീവനൊടുക്കിയത്. പൊറത്തിശേരി പഞ്ചായത്തിലെ പഞ്ചായത്തംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് എക്സിക്യുട്ടീവ് അംഗമാണ്. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഭരണ സമിതിയംഗവുമാണ്. രണ്ട് തവണകളിലായി 20 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അധികൃതര്‍ നിരന്തരം പണമടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്നും ഭീഷണി ഉണ്ടായതായും പറയപ്പെടുന്നു. പലിശയടക്കം 80 ലക്ഷം രൂപ മുകുന്ദന് തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. മുകുന്ദന് വായ്പക്കായി ഈടു നല്കിയ വസ്തുവില്മേല് മറ്റു പല വായ്പകളും എടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പണം തിരിച്ചടക്കണമെന്നും അല്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് മുന്‍ മാനേജര്‍ മുകുന്ദന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി പറയുന്നു. ഇന്നലെ രാവിലെ വീടിനു പുറകിലാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്നു നടക്കും. ഭാര്യ: പ്രഭാവതി, മക്കള്‍: ദീപ്തി, ധീരജ്. മരുമകന് അഭിലാഷ്.