പൊറത്തിശേരി വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന് അനുമതി
കരുവന്നൂര്‍: ബംഗ്ലാവ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊറത്തിശേരി വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. ബംഗ്ലാവ് കെട്ടിടത്തിനു മുന്നിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കിയാണു പുതിയ കെട്ടിടം നിര്‍മിക്കുക. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു നിര്‍മാണം. കെട്ടിടത്തിനു 40 ലക്ഷം രൂപയും അതിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ക്കു നാലു ലക്ഷവുമടക്കം 44 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാവിനു മുന്നിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുശേഷം പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ബംഗ്ലാവ് കെട്ടിടത്തിലാണു നിലവില്‍ പൊറത്തിശേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ അകത്തും പുറത്തും മഴയില്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയോ, വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കുകയോ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കെട്ടിടത്തില്‍ ഒരു മുറിയില്‍ പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
പഴയ ബംഗ്ലാവ് കെട്ടിടം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണം
നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ബംഗ്ലാവ് കെട്ടിടം ചരിത്രസ്മാരകം എന്ന നിലയില്‍ സംരക്ഷിച്ചു നിലനിര്‍ത്തുമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. എന്നാല്‍, അതിന്റെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് കരുവന്നൂര്‍ പ്രദേശത്തെ കരം പിരിക്കുന്നതിനായി സായിപ്പുമാര്ക്കു താമസിക്കാന്‍ പണികഴിപ്പിച്ചതാണ് കെട്ടിടം. എന്നാല്‍, യഥാസമയം കേടുപാടുകള്‍ തീര്‍ക്കാത്തതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്കു കാരണമായത്. പുതിയ കെട്ടിടം നിര്‍മിച്ച് വില്ലേജ് ഓഫീസ് മാറ്റുന്നതോടൊപ്പം ബംഗ്ലാവ് അറ്റകുറ്റപ്പണി നടത്തി നല്ല രീതിയില്‍ സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.