ജലവിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വാട്ടര്‍ മാപ്പിംഗ് പദ്ധതി
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ ജലവിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വാട്ടര്‍ മാപ്പിംഗ് പദ്ധതി ആവിഷ്കരിക്കുന്നു. ജല അഥോറിറ്റി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പുവരുത്തി നെറ്റ് വര്‍ക്കിനെ ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാപ്പ് ചെയ്യുകയാണ് ലക്ഷ്യം. പമ്പുകളുടെ കാര്യക്ഷമത, ജല വിനിയോഗം, ജലവിതരണം, ഗുണനിലവാരം, ഒഴുക്കിലെ തടസം, ജല നഷ്ടം എന്നിവയെല്ലാം കണ്ടെത്തി ദിവസവും ജലലഭ്യത ഉറപ്പു വരുത്തും. ഗാര്‍ഹിക, കാര്‍ഷിക, വാണിജ്യാവശ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിനും പ്രാദേശികമായ ജല ആസ്തികള്‍ കണ്ടെത്തുന്നതിനും നിലവിലെ പദ്ധതികള്‍കൂടി ഉപയോഗപ്പെടുത്തുന്നതിനും വാട്ടര്‍ മാപ്പിംഗിലൂടെ സാധിക്കും. എസ്സിഎംഎസ് കോളജിലെ വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ജല അഥോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മന്ത്രി ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്സിഎംഎസ് എന്‍ജിനീയറിംഗ് കോളജ് പ്രതിനിധികളുടേയും യോഗം ചേര്‍ന്നു. ജല അഥോറിറ്റി ഇരിങ്ങാലക്കുട ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.ആര്. വിജു മോഹന്‍, പ്ലാനിംഗ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. ഷൈജു പി. തടത്തില്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.പി. രേഷ്മ, എസ്സിഎംഎസ് കോളജ് വൈസ് ചെയര്മാന് പ്രമോദ് തേവന്നൂര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. പ്രവീണ്‍ ലാല്‍, ഗ്രൂപ്പ് ഡയറക്ടര്‍ എസ്. ഗോപകുമാര്‍, വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.