കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിക്കുകയും പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന് അറസ്റ്റില്‍. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ ജീവനക്കാരന് വെള്ളാങ്കല്ലൂര്‍ കോണത്തുകുന്ന് തോപ്പില്‍ വീട്ടില്‍ ജയനെ (54 ) ഹെല്‍മറ്റ് കൊണ്ട് അടിച്ച് പരിക്കേല്പിച്ച വെള്ളാനി ചാവര് വീട്ടില്‍ നിഖില്‍ (21) നെയാണ് അറസ്റ്റ് ചെയ്തത്. സി.ഐ എസ്പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പേഴ്സ് മാര്‍ട്ട് എന്ന സൂപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വിഭാഗത്തില്‍ ജോലിചെയ്യുന്നയാളാണ് പ്രതിയായ നിഖില്‍. കഴിഞ്ഞ ദിവസം രാത്രി 9.47 ഓടെയാണു സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസിനോട് ചേര്‍ന്ന് പ്രതി മൂത്രമൊഴിക്കുന്നത് കണ്ട ജീവനക്കാരന് ഇതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ പ്രതി ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ജീവനക്കാരന് ജയനെ ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ദചികില്സക്കായി ത്യശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പോലീസ് നിഖിലിനെ കസ്റ്റഡിയിലെടുത്തു.