സ്കൂള്‍ തലങ്ങളില്‍ ബോധവത്കരണം നടത്താന്‍ നടപടികള്‍ സ്വീകരിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നു
എടതിരിഞ്ഞി: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കന്‍ ആവിഷ്ക്കരിച്ചിട്ടുള്ള ‘നശാമുക്ത് ‘ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഓഫീസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയക്കാലത്തും മഹാമാരിക്കാലത്തും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ യുവതലമുറ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിനു മുന്നില്‍ തന്നെ സാന്നിധ്യം തെളിയിച്ചതാണ്. ദുരന്തമുഖങ്ങളില്‍ ഇടപെടാനും യുവതലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തിരുത്താനും യുവതലമുറക്ക് കഴിഞ്ഞു. എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം യുവജനങ്ങളില്‍ വര്‍ധിച്ച് വരുന്നുവെന്നതും നമ്മള് കാണേണ്ടതുണ്ട്. കുട്ടികളില്‍ അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവും നിയമസംഹിതകളോടുള്ള ആദരവും സംജാതമാക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സഹായകരമാകുമെന്നും സംസ്ഥാനത്ത് മികച്ച രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി. സുരേഷ്, എഡി എന്‍ഒ ടി.കെ. മനോഹരന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആന്‍ഡ് എസ്എച്ച്ഒ കെ.എം. സജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയശ്രീ ലാല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷാലി ദിലീപന്, കെ.എം. പ്രേമവത്സന്‍, ബിജോയ് കളരിക്കല്‍, സുനന്ദ ഉണ്ണികൃഷ്ണന്, ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ, പിടിഎ വൈസ് പ്രസിഡന്റ് പി.എ. സുധീര്‍, എച്ച്ഡിപി സമാജം സെക്രട്ടറി ദിനചന്ദ്രന് കോപ്പുള്ളിപറമ്പില്‍, സമാജം മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.പി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.