കൂടല്‍മാണിക്യം ദേവസ്വം; വഴിപാടിതര വരുമാനം കൂട്ടാന്‍ പിന്തുണ
ദേവസ്വം കമ്മീഷണര്‍ കൂടല്‍മാണിക്യം സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: ഗുരുവായൂര്‍-കൂടല്‍മാണിക്യം ദേവസ്വം കമ്മീഷണറായി ചുമതലയേറ്റ ബിജു പ്രഭാകര്‍ കൂടല്‍മാണിക്യം സന്ദര്‍ശിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, അഡ്മിനിസ്ട്രേറ്റര്‍ സുഗീത, ഭരണസമിതി അംഗങ്ങള്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് കമ്മിഷണറെ സ്വീകരിച്ചു. ദേവസ്വം ഓഫീസ്, കുട്ടംകുളം, തീര്‍ഥക്കുളം, ലൈബ്രറി, ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷണര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തി. വഴിപാടിതര വരുമാനം വര്‍ധിപ്പിക്കാനുള്ള ദേവസ്വത്തിന്റെ പദ്ധതികള്‍ കമ്മിഷണര്‍ക്കു ചെയര്മാന് കൈമാറി. ഠാണാവില്‍ സംഗമേശ്വര കോംപ്ലക്സ് നിര്‍മിച്ചതുപോലെ മണിമാളിക, കച്ചേരി വളപ്പുകളില്‍ കോംപ്ലക്സ് പദ്ധതികള്‍, സോളാര്‍ പാനല്‍ പദ്ധതി എന്നിങ്ങനെ ശാസ്ത്രീയമായി പഠനം നടത്തിയിട്ടുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കൈമാറിയത്. പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കാനുള്ള സംവിധാനം ഒരുക്കാമെന്നു കമ്മീഷണര്‍ ഉറപ്പുനല്‍കി. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിത്യവും അന്നദാനം നടത്തുന്നതിനും തെക്കേ ഊട്ടുപുരയില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഒരുക്കാനും ധാരണയായി. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പാര്‍സലായി വിതരണം ചെയ്യും. അടുത്തദിവസം ചേരുന്ന തന്ത്രിമാരുടെ യോഗത്തില്‍ അന്നദാനം ആരംഭിക്കാനുള്ള ദിവസം നിശ്ചയിക്കുമെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞു.