കൗണ്‍സില്‍ യോഗത്തില്‍ ബഹളം, അജണ്ടയിലേക്കു കടക്കാതെ യോഗം പിരിച്ചുവിട്ടു
ചെയര്‍പേഴ്സന്റെ ചേംബറില്‍ യുഡിഎഫ് കൗണ്‍സിലറെ ബിജെപി കൗണ്‍സിലര്‍ മര്‍ദിച്ചു
യുഡിഎഫ് കൗണ്‍സിലര്‍ എം.ആര്. ഷാജു ആശുപത്രിയില്‍
നഗരത്തില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം
തനിക്കെതിരെ വധഭീഷണി മുഴക്കിയതായി ബിജെപി അംഗം സന്തോഷ് ബോബന്
യോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് മുനിസിപ്പല്‍ സെക്രട്ടറി
ഇരിങ്ങാലക്കുട: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കണ്വെന്ഷന് സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. യോഗാരംഭത്തിനു മുമ്പെ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തിയിരുന്ന എല്‍ഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി പ്രകടനമായാണു കൗണ്‍സില്‍ ഹാളിലേക്കെത്തിയത്. യോഗാരംഭത്തില്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ നിരന്തരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്ന എംസിപി കണ്വെന്ഷന് സെന്റര്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നു. എന്നാല്‍ അജണ്ടകള്‍ക്കു ശേഷം അംഗങ്ങള്‍ക്ക് ഏതു വിഷയവും ഉന്നയിക്കാമെന്നും ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്സണ്‍ സോണിയഗിരി അറിയിച്ചു. എന്നാല്‍ അജണ്ടകള്‍ക്കു മുമ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും രംഗത്തുവന്നു. എന്നാല്‍ യോഗം അജണ്ടകളിലേക്കു കടക്കുകയാണെന്നു ചെയര്‍പേഴ്സണ്‍ സോണിയഗിരി അറിയിച്ചതോടെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങളും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങളും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അംഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്നു മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയില്ല.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ യോഗം നടത്താനാകുവെന്നു സോണിയഗിരിയും ചൂണ്ടിക്കാട്ടിയെങ്കിലും അജണ്ടകള്‍ക്കു മുമ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാതായതോടെ കൗണ്‍സില്‍ യോഗം പിരിച്ചു വിടുകയാണെന്നറിയിച്ച് ചെയര്‍പേഴ്സണ്‍ സോണിയഗിരി ചേംബറിലേക്കു മടങ്ങുകയായിരുന്നു. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരിയുടെ ചേംബറിലെത്തുകയായിരുന്നു. ചെയര്‍പേഴ്സണ്‍ സോണിയഗിരിയുമായി ബിജെപി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. തര്ക്കത്തിനിടയിലാണു ബിജെപി അംഗം സന്തോഷ് ബോബന് യുഡിഎഫ് അംഗം എം.ആര്. ഷാജുവിനെ കയേറ്റം ചെയ്തത്. തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുകൂടിയായ യുഡിഎഫ് അംഗം ടി.വി. ചാര്‍ളി, ബിജെപി അംഗം ടി.കെ. ഷാജു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ഇടപെടലാണു കൂടുതല്‍ സംഘര്‍ഷത്തിലേക്കു കാര്യങ്ങളെത്താതിരുന്നത്. ഇതോടെ സന്തോഷ് ബോബന് പുറത്തു പോകാതെ ചര്‍ച്ച നടത്തില്ലെന്ന നിലപാടും ചെയര്‍പേഴ്സണ്‍ സോണിയഗിരിയും എടുത്തു. ഏറെ നേരത്തെ തര്‍ക്കത്തിനു ശേഷം ബിജെപി അംഗങ്ങള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ ചേംബറില്‍ നിന്നും പുറത്തു പോകുകയായിരുന്നു.
മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു-മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ്
പ്രതിഷേധ സമരം ആവാമെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. കണ്വെന്ഷന് സെന്ററില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നഗരസഭ നിയമാനുസൃത സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ ദുരന്തനിവാരണസമിതിയാണ് ആദ്യ നടപടി സ്വീകരിക്കേണ്ടത്. തുടര്‍ച്ചയായ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും സെക്രട്ടറി മുഹമ്മദ് അനസ് വിശദീകരിച്ചു.
കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ആരോപണങ്ങള്‍ക്ക് മറയിടുന്നതിനു വേണ്ടി-ചെയര്‍പേഴ്സണ്‍ സോണിയഗിരി
തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു മറയിടുന്നതിനു എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തിയ പ്രഹസനമായിരുന്നുവെന്നു കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയതിനു പിന്നില്ലെന്നു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി കുറ്റപ്പെടുത്തി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഓണ്‍ലൈന്‍ യോഗങ്ങളെ നടത്താനാവുവെന്നു മാനദണ്ഡമുണ്ടായിട്ടും യുഡിഎഫിന്റെ വിയോജിപ്പോടെയാണു പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഓഫ്ലൈന് യോഗം വിളിച്ചത്. അജണ്ട ചര്‍ച്ച നടത്തുവാന്‍ പോലു തയാറാകാതെ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷമെന്നു ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു.
യുഡിഎഫ് കൗണ്‍സിലര്‍ എം.ആര്. ഷാജുവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ ചേംബറില്‍ വെച്ച് ബിജെപി അംഗം സന്തോഷ് ബോബന് കയേറ്റം ചെയ്ത യുഡിഎഫ് അംഗം എം.ആര്. ഷാജുവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ തന്നെ യുഡിഎഫ് കൗണ്‍സിലര്‍ എം.ആര്. ഷാജു വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതായി കാണിച്ച് സന്തോഷ് ബോബന് പോലീസില്‍ പരാതി നല്കി.
കൗണ്‍സില്‍ ഹാളിലേക്കു പോകുന്നതിനിടയില്‍ തന്നെ മര്‍ദിച്ചതായും സന്തോഷ് ബോബന് പരാതിയില്‍ പറയുന്നുണ്ട്. അതേസമയം യുഡിഎഫ് അംഗം എം.ആര്. ഷാജുവിനെ ബിജെപി അംഗം സന്തോഷ് ബോബന് കയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ചാര്‍ളി എന്നിവര്‍ നേതൃത്വം നല്കി.