കെഎല്‍ഡിസി ബണ്ടിലെ നൂറോളം മരങ്ങള്‍ വ്യാപകമായി ഉണക്കി നശിപ്പിക്കാന്‍ ശ്രമം

കാറളം: പഞ്ചായത്തിലെ ചെമ്മണ്ട കെഎല്‍ഡിസി കനാലിന്റെ ഇരുവശത്തുമുള്ള ബണ്ടിന്റെ സംരക്ഷണത്തിനായി വളര്‍ത്തി സംരക്ഷിക്കുന്ന നൂറോളം മരങ്ങളെ തൊലി ചെത്തിയെടുത്ത് വ്യാപകമായി നശിപ്പിക്കാന്‍ ശ്രമം. സമീപ പ്രദേശത്തെ ചില സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്നു കരുതുന്നു. മരങ്ങള്‍ ഉണക്കി നശിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട നിരവധി മരങ്ങള്‍ ഇവിടെ കടപുഴകി വീണുകിടക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബീഷ് കാക്കനാടന്, പഞ്ചായത്ത് മെമ്പര്‍ ലൈജു ആന്റണി എന്നിവര്‍ ചേര്‍ന്ന് കെഎല്‍ഡിസി അധികൃതരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

ഡിപ്പാര്‍ട്മെന്റ് മുഖേന പോലീസില്‍ പരാതി നല്കുമെന്നു ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. മരങ്ങള്‍ വെച്ചു പിടിപ്പിച്ച് സാമൂഹ്യ വനവത്കരണം നടത്തുന്ന ഈ കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള നൂറോളം മരങ്ങള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തി പൊതുജന മധ്യത്തില്‍ തുറന്നു കാണിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു സ്ഥലം സന്ദര്‍ശിച്ച കാറളം കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ സാബു തട്ടില്‍, ബിജു ആലപ്പാടന്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സണ്ണി തട്ടില്‍, ഗിരീഷ് ചുള്ളിപറമ്പില്‍, നടരാജന് നെല്ലിശേരി എന്നിവരും സ്ഥലത്തെത്തിയിരുന്നു.