പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ മണ്ണിട്ട് അടയ്ക്കണം
പടിയൂര്‍: ലക്ഷങ്ങള്‍ മുടക്കി സ്ലൂയിസ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പടിയൂര്‍ കെട്ടുചിറയില്‍ നിന്നു പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ മണ്ണിട്ട് അടയ്ക്കണം. പടിയൂര്‍, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം ശേഖരിക്കാനാണു കെട്ടുചിറയിലെ ഷട്ടറുകള്‍ പണിതത്. 2005 ലാണു വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചു കെട്ടുചിറ പാലത്തില്‍ മൂന്നു ഷട്ടറുകള്‍ സ്ഥാപിച്ചത്. മതിലകം പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതു തടയുകയായിരുന്നു ലക്ഷ്യം. കോസ്റ്റ് ഫോര്‍ഡ് ആയിരുന്നു നിര്‍മാണം. വേഗത്തില്‍ പണി തീര്‍ക്കാന്‍ പാലത്തിന്റെ അരികിലുണ്ടായിരുന്ന സ്ലോട്ടുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചതാണു ചോര്‍ച്ചയുടെ കാരണമെന്നാണു കര്‍ഷകര്‍ ആരോപിക്കുന്നത്. ഷട്ടറുകള്‍ക്ക് അടിയിലൂടെയും അരികിലൂടെയും ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെ വര്‍ഷംതോറും മണ്ണിട്ട് അടയ്ക്കേണ്ട അവസ്ഥയായി. പടിയൂര്‍ പഞ്ചായത്താണ് ഇവിടെ മണ്ണിട്ട് ഉപ്പുവെള്ളഭീഷണി ഒഴിവാക്കുന്നത്. വെള്ളം കൂടുന്ന സമയത്തു മണ്ണു നീക്കി ഷട്ടര്‍ ഉയര്‍ത്തിവേണം വെള്ളം ഒഴുക്കികളയാന്‍. നേരത്തെ മൈനര്‍ ഇറിഗേഷന്റെ കീഴിലായിരുന്ന കെട്ടുചിറ പിന്നീട് ഗ്രാമപഞ്ചായത്തിനു കൈമാറുകയായിരുന്നു. തനതു വരുമാനമില്ലാത്ത പടിയൂര്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്നു തുക വകയിരുത്തിയാണ് ഇപ്പോള്‍ പണി നടത്തുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൂമംഗലം പടിയൂര്‍ കോള്‍ മേഖലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ കൂട്ടത്തില്‍ കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നര്‍മിക്കാന്‍ 15 കോടി വകയിരുത്തിയിരുന്നു. എന്നാല്‍ അതു വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി. കൂടുതല്‍ ഷട്ടറുകള്‍ സ്ഥാപിക്കുകയും മൂന്നെണ്ണം റെഗുലേറ്റ് ചെയ്യാനും ബാക്കിയുള്ളവ റിസര്‍വായി വെക്കാനും സൗകര്യമൊരുക്കുകയും വേണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ ശക്തിയുള്ള ഒരു മോട്ടോര്‍ സ്ഥാപിച്ചാല്‍ അകാലത്തില്‍ വരുന്ന അധികജലം ഷട്ടറുകള്‍ തുറക്കാതെ തന്നെ പുറത്തേക്കു പമ്പു ചെയ്തു കളയാന്‍ സാധിക്കും. എന്നാല്‍ ഇതിനൊക്കെയുള്ള പണം എപ്പോള്‍ ലഭിക്കുമെന്നാണു കര്‍ഷകരുടെ ചോദ്യം.