കളിമണ്ണെടുത്ത നിലത്തു നെല്‍കൃഷിക്കു കളമൊരുങ്ങുന്നു
ഒരു കാലത്തു ചെങ്കല്‍ ചൂളകള്ക്കു വഴിമാറിയ മുരിയാട് പാടശേഖരങ്ങളാണു തിരികെ കതിരണിയുന്നത്
പ്രതാപകാലത്ത് നെല്‍കൃഷിയില്‍ നൂറുമേനി… പിന്നീട് ചെങ്കല്‍ ചൂളകളാല് സമൃദ്ധം…..
കരുവന്നൂര്‍: മുരിയാട് കോള്പാടശേഖരത്തിന്റെ ഭാഗമായ പൊറത്തിശേരി പഴയ പഞ്ചായത്താഫീസിനും വില്ലേജോഫീസിനും പുറകിലെ 2000 ഹെക്ടര്‍ പാടത്താണു 20 വര്‍ഷം മുമ്പ് ഇഷ്ടിക ചൂളകള്‍ വ്യാപകമായി വളര്‍ന്നത്. കൃഷി നഷ്ടമാണെന്നു പറഞ്ഞ് എല്ലാവരും പിന്മാറാന് തുടങ്ങിയതോടെയാണു ഭൂമാഫിയയുടെ ഇടപെടല്‍ മൂലം പരിസ്ഥിതിക്കു ദോഷമായ ഇഷ്ടിക നിര്‍മാണത്തിനു തുടക്കമായത്. മോട്ടോറുകള്‍ വെച്ചു വെള്ളം വറ്റിച്ചെടുത്താണു ഇവിടെ കളിമണ്‍ഖനനം നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു നുകത്തില്‍ കെട്ടിയ കമ്പി റാന്തലിന്റെ വെളിച്ചത്തില്‍ നേരം പുലരുവോളം നിലം ഉഴുത കര്‍ഷകര്‍ക്ക് ഇതു നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ രണ്ടു പൂവും താഴ്ന്ന പ്രദേശങ്ങളില്‍ ഒരു പൂവും കൃഷി ചെയ്തിരുന്ന സ്ഥലങ്ങളാണിത്. കളിമണ്‍ഖനനം ആരംഭിച്ചതോടെ 10 മുതല്‍ 35 അടി വരെ താഴ്ചയില്‍ വലിയ കുഴികളായി മാറി പലയിടത്തും. നൂറോളം ഇഷ്ടിക കളങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഇവ സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതം ഏറെയാണ്. കിണറുകള്‍ ഉപയോഗ ശൂന്യമായി മാറി. ഇഷ്ടിക കളങ്ങളില്‍ നിന്നുയരുന്ന പുക നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായി. കളിമണ്ണിനു വേണ്ടി കുഴിക്കുന്ന കുഴികള്‍ കൃഷിയിടങ്ങളെ കുഴിമാടങ്ങളായി മാറുന്ന അവസ്ഥയിലെത്തി. ഇഷ്ടിക വ്യവസായത്തിന്റെ ലാഭത്തില്‍ പൊലിഞ്ഞതു പാവപ്പെട്ട കര്‍ഷകന്റെ സ്വപ്നങ്ങളാണ്. ഈ ലാഭകണക്കുകളാണു നെല്‍കൃഷിക്കു നാശം വിതച്ചത്. കര്‍ഷക മുന്നേറ്റം നടത്തിയ സമരങ്ങള്‍ മൂലം 2009 ല്‍ മുരിയാട്, പറപ്പൂക്കര, വല്ലച്ചിറ തുടങ്ങി എട്ട് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം ഖനനം നിരോധിച്ചു. ഇതോടെ ഈ മേഖലയിലെ ഇഷ്ടിക നിര്‍മാണം നിലച്ചു.
പിന്മാറില്ല ഞങ്ങള്‍; കൃഷിയിറക്കി കൊയ്തെടുക്കും
ഏതു പ്രതിസന്ധിയെയും അതിജീവിച്ച് മണ്ണില്‍ പൊന്നു വിളയിച്ച് ഹരിതാഭമാക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. നഷ്ടപ്പെട്ട കാര്‍ഷിക സാംസ്കാരം വീണ്ടെടുക്കുവാനുള്ള ഒരു തിരിച്ചുപോക്ക്. അതിജീവനത്തിന്റെയും ഏറെ കഠിനാദ്ധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഈ പാടശേഖരങ്ങള്‍ കൃഷിയിറക്കലിനു തുടക്കമായത്. ഇഷ്ടിക നിര്‍മാണം നിലച്ചുവെങ്കിലും തരിശായി കിടന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ കൃഷി ആരംഭിച്ചിട്ടുള്ളത്. കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടം തരിശ് കര്‍ഷക സമിതി എന്ന പേരില്‍ കര്‍ഷകര്‍ ആദ്യം സംഘം രൂപീകരിച്ചു. പൊറത്തിശേരി കൃഷി ഭവനു കീഴിലുള്ള 250 ഏക്കറില്‍ 70 ഏക്കറിലാണ് ഇപ്പോള്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
തരിശു നിലത്തു കൃഷി ചെയ്യാന്‍ ഒരു ഹെക്ടറിന് 40,000 രൂപ സബ്സിഡി ലഭിക്കുന്നതും നെല്ലിന് താങ്ങുവില 28 രൂപ ലഭിക്കുന്നതും കര്‍ഷകരെ കൃഷി ഇറക്കാന്‍ പ്രേരിപ്പിച്ചുവെന്ന് സംഘം സെക്രട്ടറി കുറ്റിയാശേരി മോഹനന് പറഞ്ഞു. ഉമ എന്ന വിത്താണ് ഇവര്‍ വിതച്ചത്. മോട്ടാര്‍ പമ്പു സെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി കണക്ഷന് സര്‍ക്കാരില്‍ നിന്നും ലഭിച്ചു. യോഹന്നാന് നെടുമ്പാക്കാരന്‍, മനോഹരന് തേറമ്പത്ത്, മുരളി കോവാത്ത്, രാധാകൃഷ്ണന് കോവാത്ത്, ജോസ് മങ്ങാടിയാന്, ശ്രീധരന് പുളിക്കില്‍ തുടങ്ങി 14 പേരുടെ സ്ഥലത്താണ് ഇപ്പോള്‍ കൃഷി ആരംഭിച്ചിരിക്കുന്നത്.
ആവശ്യങ്ങളും നിര്‍ദേശങ്ങളും
വര്‍ക്കിംഗ് ഗ്രൂപ്പുകളിലും വികസന സെമിനാറിലും വിഷയം അവതരിപ്പിച്ചുവെങ്കിലും ഫണ്ടിന്റെ അപര്യാപ്ത തമൂലം നഗരസഭയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. സള്‍ഫറിന്റെ അംശം കൂടുതലായതിനാല്‍ കൂടുതല്‍ വളങ്ങള്‍ ചേര്‍ക്കണം. നാലു വര്‍ഷം കഴിഞ്ഞാലേ ഇതിനു പരിഹാരമാകൂ. വെള്ളം പമ്പു ചെയ്യുന്നതിനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.