സി.എം. അബ്ദുറഹ്മാന് സ്മാരക മാധ്യമ അവാര്ഡ് സെബി മാളിയേക്കലിന്
ഇരിങ്ങാലക്കുട: വെട്ടം ആലിശേരി പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാലയുടെ 2020 ലെ സി.എം. അബ്ദുറഹ്മാന് സ്മാരക പത്രമാധ്യമ അവാര്ഡ് ദീപിക പത്രാധിപ സമിതിയംഗം സെബി മാളിയേക്കലിനു ലഭിച്ചു. 2020 മേയ് 31 നു ദീപിക ദിനപത്രത്തിലെ സണ്ഡേ ദീപികയില് വന്ന വിലയായി കൊടുത്ത രണ്ടു കാലുകള് എന്ന ഫീച്ചര് സ്റ്റോറിയാണ് സെബി മാളിയേക്കലിനെ പുരസ്കാരത്തിനു അര്ഹനാക്കിയത്. ദേശാഭിമാനി എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന സി.എം. അബ്ദുറഹിമാന്റെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ 10,001 രൂപയും ശില്പവുമാണ് അവാര്ഡ്. കുഞ്ഞുനാളിലേ തുടങ്ങിയ പുകവലിയെന്ന ദുശീലത്തിനു രണ്ടു കാലുകള് വിലയായി നല്കേണ്ടി വന്ന പുത്തന്ചിറ അറയ്ക്കല് ഹനീഫയെന്ന യുവാവിന്റെ അതിജീവിതം വരച്ചുകാട്ടിയ ഫീച്ചര് ആണ് സെബി മാളിയേക്കലിന്റേത്. ഇനി രണ്ടു മാസം മാത്രമേ നീളൂ എന്ന് ഡോക്ടര് വിധിയെഴുതിയിട്ടും തളരാതെ ഹനീഫ ജീവിതത്തിനു കൃഷിയിലൂടെയും കരകൗശല വസ്തു നിര്മാണത്തിലൂടെയും പ്രത്യാശയുടെ പുത്തന്ഭാഷ്യം ചമയ്ക്കുകയായിരുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളും പരിണിത ഫലങ്ങളും ഹനീഫയുടെ നേര്ജീവിതത്തിലൂടെ വരച്ചുകാട്ടിയ സാമൂഹ്യ പ്രസക്തവും ജീവിത സന്ദേശവും നല്കുന്ന ‘വിലയായ് നല്കിയത് രണ്ടു കാലുകള്’ എന്ന സണ്ഡേ കവര് സ്റ്റോറി മികച്ച നിലവാരം പുലര്ത്തിയതായി ജൂറി വിലയിരുത്തി.
മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കോയ മുഹമ്മദ് ചെയര്മാനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും മുന് മാധ്യമ പ്രവര്ത്തകനുമായ അഡ്വ. രാജേഷ് പുതുക്കാട്, സാംസ്കാരിക പ്രവര്ത്തകനായ മുരളീധരന് എന്നിവര് അംഗങ്ങളുമായ സമിതിയാണു വിധി നിര്ണയം നടത്തിയത്. വാര്ത്താസമ്മേളനത്തില് സംഘാടക സമിതി ചെയര്മാന് അഡ്വ. പി. ഹസക്കുട്ടി, ജൂറി അംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട്, മുരളീധരന്, വെട്ടം പി.പി. അബ്ദുള്ളക്കുട്ടി സ്മാരക വായനശാല പ്രസിഡന്റ് ജസീന, സെക്രട്ടറി പി.പി. അബ്ദുള്നാസര്, പി. പ്രജീഷ് എന്നിവര് പങ്കെടുത്തു.