ഉണ്ടാക്കുന്നു.. പക്ഷേ, വാങ്ങാനാളില്ല. പ്രാദേശിക വിപണനകേന്ദ്രങ്ങള്‍ നിര്‍ത്തിയതു പച്ചക്കറി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ പ്രാദേശിക വിപണനകേന്ദ്രങ്ങള്‍ നിര്‍ത്തിയതു പച്ചക്കറി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ വേനല്‍ക്കാല പച്ചക്കറികള്‍ വിളവെടുത്ത ചെറുകിട കര്‍ഷകരെയാണു കൂടുതല്‍ ബാധിച്ചത്. കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച ഹാഡ വിപണനകേന്ദ്രം, വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറി സംഭരണ വിപണന കേന്ദ്രം എന്നിവയാണു നിര്‍ത്തിയത്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന് കൗണ്‍സിലിന്റെ (വിഎഫ്പിസികെ) സംഭരണ വിപണന കേന്ദ്രവും പഞ്ചായത്തില്‍ നിലവിലില്ല. നേന്ത്രക്കായ, ചെറുകായ, പയര്‍, വെണ്ട, പാവല്‍, പടവലങ്ങ, വഴുതന, ഇഞ്ചി, മഞ്ഞള്‍, മാങ്ങ ഉള്‍പ്പെടെയുള്ളവ വിളവെടുത്തവര്‍ വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ന്യായമായ വിലകിട്ടാത്തതിനാല്‍ വില്ക്കാത്ത ഉത്പന്നങ്ങള്‍ നശിച്ചുപോകുന്ന സ്ഥിതിയും ഉണ്ടെന്നു കര്‍ഷകര്‍ പറയുന്നു. ജൈവരീതിയില്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ക്കു കുറഞ്ഞ വില ലഭിക്കുന്നതു കര്‍ഷകരെ കൂടുതല്‍ നഷ്ടത്തിലാക്കും. കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത എന്നിവ എത്രയും വേഗം തുറന്നുപ്രവര്ത്തിപ്പിക്കണമെന്നു ചെറുകിട കര്‍ഷകസംഘം ആവശ്യപ്പെട്ടു.