ചീപ്പുചിറയില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുസംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ചീപ്പുചിറയില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുസംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷന്, സാമൂഹ്യ വനവത്കരണ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെഴുംകാട് ചീപ്പുചിറയില്‍ ആരംഭിക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ഭാഗമായി 2000 കണ്ടല്‍ച്ചെടികള്‍ നട്ടുപരിപാലിക്കും. ധാരാളം ഉപ്പുജലതടാകങ്ങളും ജലാശയങ്ങളുമുള്ള പഞ്ചായത്തിലെ ജൈവസമ്പത്തും മത്സ്യസമ്പത്തും ആവാസവ്യവസ്ഥയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കണ്ടല്‍ച്ചെടികള്‍ നട്ട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുജനാ ബാബു അധ്യക്ഷത വഹിച്ചു. സിന്ധു ബാബു, ടി.കെ. ഷറഫുദ്ദീന്, കെ.എ. സദക്കത്തുള്ള, എം.എച്ച്. ബഷീര്‍, കെ. ഋഷി, സുജന്‍ പൂപ്പത്തി, ഫെബിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.