ഇരിങ്ങാലക്കുടക്കാരന്റെ ഭൂജല സംരക്ഷണ രീതികള്‍ക്ക് പ്രിയമേറുന്നു
ഇരിങ്ങാലക്കുട: വൃക്ഷങ്ങളുടെ വേരുകള്‍ വഴിയും ഭൂജലം വര്‍ദ്ധിപ്പിക്കാമെന്ന് തെളിവ് തരുന്ന ഗംഗാധരന്റെ ജലപരീക്ഷണങ്ങള്ക്ക് സ്വീകാര്യതയേറുന്നു. വെള്ളം ഭൂമിക്കടിയിലേക്ക് കൊണ്ടുപോയി ഗ്രൗണ്ട് വാട്ടര്‍ ടേബിള്‍ കൂട്ടാനും കുടിനീര് സംരക്ഷിക്കാനും ചെടികളുടെ വേരുകള്‍ക്ക് ആകുമെന്ന് തെളിയിക്കുന്നതാണ് പരീക്ഷണം.
വലിയ പ്ലാസ്റ്റിക്ക് പെട്ടിയെടുത്ത് രണ്ടെറ്റത്തും ഒന്നര ഇഞ്ച് വ്യാസത്തില്‍ ദ്വാരമിട്ട് ചുവട്ടിലേക്ക് പൈപ്പ് ഫിറ്റ് ചെയ്യുക. ഓട്ടയുടെ മുകളില്‍ പ്ലാസ്റ്റിക്ക് നെറ്റ് വെച്ച് പെട്ടിനിറയെ മണ്ണ് കുത്തിനിറക്കുക. ഒരറ്റത്തെ ദ്വാരത്തിന് മുകളില്‍ രണ്ടോ മൂന്നോ ചെടികള്‍ നട്ടുപിടിപ്പിക്കുക. ചെടി വളരാന്‍ തുടങ്ങുമ്പോള്‍ എവിടെ വെള്ളം ഒഴിച്ചാലും ചെടിയുടെ അടിയിലുള്ള ദ്വാരത്തില്‍ കൂടി വെള്ളം ഇറ്റിറ്റു വീഴാന്‍ തുടങ്ങും. വളര്‍ച്ച കൂടുന്നതിനനുസരിച്ച് വെള്ളം വീഴുന്നതും കൂടും.പക്ഷെ ചെടികള്‍ ഇല്ലാത്ത ദ്വാരത്തില്‍ കൂടി വെള്ളം വരുകയുമില്ല. വേരുകള്‍ വഴി ഭൂമിയിലേക്ക് വെള്ളം ഇറങ്ങുന്നതിന്റെ തെളിവാണിതെന്ന് ദേശീയ ജലപുരസ്കാര ജേതാവും റിട്ട. കേന്ദ്ര സര്‍ക്കാര്‍ എഞ്ചിനീയറുമായ കാവല്ലൂര്‍ ഗംഗാധരന് പറയുന്നു. പതിനാലില്‍ പരം മാതൃകകള്‍ ഒരുക്കിയത് കാണുവാന്‍ നിരവധി പേര് എത്തുന്നുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനും ഉടമയാണദ്ദേഹം.