മധുരംപിള്ളി നടപ്പാലം അപകടത്തില്‍; സഞ്ചാരം നിരോധിച്ചു
കാട്ടൂര്‍: കനോലി കനാലിനു കുറുകെയുള്ള മധുരംപിള്ളി നടപ്പാലത്തിലൂടെയുള്ള സഞ്ചാരം നിരേധിച്ചു. കനോലി കനലിന് കുറുകെയുള്ള എടത്തിരുത്തി കാട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച പാലത്തില്‍ അടുത്തിടെ കനത്ത മഴയെ തുടര്‍ന്ന് കനോലി കനാല്‍ കര കവിഞ്ഞ് ഒഴുകിയതോടെ കൂടുതല്‍ അപകടാവസ്ഥയിലായി. അധികൃതര്‍ പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചു. യാത്ര നിരോധിച്ചതോടെ കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് വേണം വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍. കാല് നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും കാലുകള്‍ ദ്രവിച്ച് ഇല്ലാതായിരിക്കുകയാണ്. ഇതു ആദ്യം മരപ്പാലമായിരുന്നു. 1989 ല്‍ ആയിരുന്നു ഇതിന്റെ നിര്‍മാണം. പാലത്തിനോടുചേര്‍ന്ന് താമസിക്കുന്ന പുതിയ വീട്ടില്‍ ബീരാന്, പി. സിദ്ധിക്ക്, അസനാര് പള്ളിപറമ്പില്‍, മാണിയത്ത് സുധാകരന് എന്നിവരാണു മരപ്പാലത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. കനാലിനു കിഴക്കുഭാഗത്തുള്ള കൃഷി ഭൂമികള്‍ കനാലിനു പടിഞ്ഞാറു ഭാഗത്തുള്ളവരുടേതായിരുന്നു. അവിടെനിന്നു ജോലിക്കാര്‍ക്കും മറ്റും വരുവാനും പോകുവാനുമാണ് പാലം നിര്‍മിച്ചത്. നാലു വര്‍ഷത്തിനു ശേഷം 1993 ല്‍ കോണ്‍ക്രീറ്റ് പാലം പണികഴിച്ചു. കൈവരികളും തൂണുകളും ബീമിന്റെ കോണ്‍ക്രീറ്റും തകര്ന്നുവീണുകൊണ്ടിരിക്കുകയാണ്. കാല് ലക്ഷത്തിലധികം രൂപ മാത്രം ചെലവാക്കി നിര്‍മിച്ച പാലത്തില്‍ ഇന്ന് സൈക്കിള്‍ പോലും കടത്തുക പ്രയാസമാണ്. മഴക്കാലമായാല്‍ പാലത്തിന്റെ താഴ്ന്ന ഭാഗം വെള്ളം മൂടി യാത്ര കൂടുതല്‍ അപകടകരമാകും. ഇരുപഞ്ചായത്തിലെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ പാലത്തിന്റെ ഇരുവശത്തും രണ്ടു പഞ്ചായത്തുകളില്‍ നിന്നായി റോഡുകള്‍ വന്നു നില്‍ക്കുന്നുണ്ട്. എടത്തിരുത്തിയിലുള്ളവര്ക്കും കൈപമംഗലത്തുള്ളവര്ക്കും ഇരിങ്ങാലക്കുടയുമായി ബന്ധപ്പെടുവാനുള്ള എളുപ്പവഴിയാണിത്. എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂള്‍, ചെന്ത്രാപ്പിന്നി ഗവ. സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും കാട്ടൂര്‍ മാര്‍ക്കറ്റിലേക്കും പോകുന്നവര്‍ക്കുമുള്ള എളുപ്പ മാര്‍ഗമാണിത്. 500 ഓളം കുടുംബങ്ങള്‍ക്കാണ് ഈ പാലം ഉപകാരപ്രദമാകുക. ഈ പാലത്തിന്റെ കടവിനു സമീപത്താണ് മധുരംപിള്ളി ജംഗ്ഷന്. ജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി കനാലില്‍ വഞ്ചികള്‍ സഞ്ചരിക്കാന്‍ പാകത്തില്‍ ഉയരത്തില്‍ ഇരുചക്ര വാഹനങ്ങളെങ്കിലും കടന്നുപോകുന്ന സൗകര്യപ്രദമായ പാലം നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഇതുവരെ മണ്ണു പരിശോധന മാത്രാണ് ആകെ നടന്നത്.