ഇടിഞ്ഞുവീണിട്ട് 15 മാസം, കുട്ടന്‍കുളം മതില് ഇനിയും പുനര്‍നിര്‍മിച്ചില്ല
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചരിത്രമുറങ്ങുന്ന കുട്ടന്‍കുളത്തിന്റെ മതില് ഇടിഞ്ഞുവീണിട്ട് 15 മാസം പിന്നിടുന്നു. മതിലിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാനുള്ള ദേവസ്വം നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നു. 2021 മേയ് 15ന് മഴയിലാണ് കുളത്തിന്റെ തെക്കേ മതില് നടപ്പാതയടക്കം ഇടിഞ്ഞ് കുളത്തിലേക്ക് പോയത്. മതിലിടിഞ്ഞതിനെത്തുടര്‍ന്ന് ദേവസ്വം പ്ലാസ്റ്റിക് കയറുകള്‍ കെട്ടിത്തിരിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്സവകാലത്തും നാലമ്പലതീര്ഥാടന സമയത്തും ഈ ഭാഗം ഷീറ്റുകള്‍ ഉപയോഗിച്ച് താത്കാലികമായി കെട്ടിയടച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞപ്പോള്‍ കരാറുകാര്‍ കെട്ടിവെച്ചിരുന്ന ഷീറ്റുകളെല്ലാം മാറ്റിയതോടെ ഈ ഭാഗം വീണ്ടും തുറന്നുകിടക്കുന്ന അവസ്ഥയിലായി. വലിയ അപകടഭീഷണിയാണ് ഇതുയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി, പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്നത് കൂടല്‍മാണിക്യം റോഡിനെയാണ്. തുറന്നുകിടക്കുന്ന ഈ സ്ഥലത്ത് വലിയ വാഹനങ്ങള്‍ പോകുന്നതിനാല്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മൂന്നേക്കറോളം വരുന്ന കുളത്തിന്റെ മതില് പുനര്‍നിര്‍മിക്കാന്‍ വലിയ തുക വേണ്ടിവരുമെന്നതിനാല്‍ ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നാണ് ദേവസ്വം പറയുന്നത്. ഇതിനായി സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ദേവസ്വം. അതേസമയം കുട്ടന്‍കുളം നവീകരണത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയും ഇതുവരെ നടപ്പിലായിട്ടില്ല.