മുരിയാട് ആറ് പടവുകളിലായി എഴുന്നൂറോളം ഏക്കറില്‍ കൃഷി
ഇരിങ്ങാലക്കുട: കൃഷി ആരംഭിക്കുന്നതിനായി നിലങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുരിയാട് കായല്‍ മേഖലയില്‍പ്പെട്ട പാടശേഖര സമിതികളും കര്‍ഷകരും. മുരിയാട് കായല്‍ തെക്കേപാടം, കക്കാട്, യൂണിയന് പടവ്, പട്ടികജാതി കോള്‍പ്പടവ്, കൈപ്പുള്ളിത്തറ, പുല്ലൂര്‍ മേഖലാ കര്‍ഷകസമിതി പാടശേഖരം തുടങ്ങി ആറ് പടവുകളിലായി എഴുന്നൂറേക്കറോളം പാടശേഖരങ്ങളിലാണ് കൃഷിയൊരുക്കാനുള്ള തയ്യാറെടുപ്പ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കെഎല്‍ഡിസി കനാലിന്റെ ആഴം വര്‍ധിപ്പിച്ചതിനാല്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നതാണ് കൃഷി വേഗത്തിലാക്കാന്‍ കര്‍ഷകര്‍ക്ക് തുണയായത്. നിലവില്‍ പാടശേഖരങ്ങളിലുള്ള വെള്ളം പമ്പ് ചെയ്യുന്നതിനായി ആറ് പടവുകള്‍ക്കായി കെഎല്ഡിസിയില്നിന്ന് 50 എച്ച്പിയുടെ നാല് വലിയ മോട്ടോറുകള്‍ ഉപയോഗിക്കുമെന്ന് ഇരിങ്ങാലക്കുട പുല്ലൂര്‍ മേഖലാ കായല്‍ കൂട്ടുകൃഷിസംഘം പ്രസിഡന്റ് കെ.കെ. ജോയ് പറഞ്ഞു. പിന്നാലെ 30, 20, 10, അഞ്ച് എച്ച്പിയുടെ മറ്റ് മോട്ടോറുകളും പ്രവര്‍ത്തിപ്പിക്കും. നേരത്തെ കൃഷിയിറക്കിയാല്‍ ജനുവരി, ഫെബ്രുവരി മാസത്തോടെ കൊയ്ത്ത് തീര്‍ക്കാനാകുമെന്നും മാത്രമല്ല, സാമാന്യം നല്ല വിളവ് ലഭിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. നേരം വൈകിയാല്‍ വിളവ് കുറയുകയും കേട് കൂടുകയും ചെയ്യും. മഴ പെയ്താല്‍ നെല്ല് കിട്ടുമോയെന്ന് ഉറപ്പിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. പല പടവുകാരും വെള്ളം ഇറങ്ങിപ്പോയതിനുശേഷം കൃഷിയൊരുക്കാന്‍ കാത്തിരിക്കുകയാണ്. അത് ചിലപ്പോള്‍ തിരിച്ചടിയാകുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. വൈകി കൃഷിയിറക്കിയാല്‍ മഴയില്‍ കുടുങ്ങാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ മേയില്‍ മൂന്ന് ദിവസം അടിപ്പിച്ചുപെയ്ത മഴകൊണ്ടാണ് കൃഷി മുഴുവന്‍ മുങ്ങിപ്പോയത്. പലര്‍ക്കും കൊയ്യാനോ, കൊയ്ത നെല്ല് കൊണ്ടുപോകാനോ വൈക്കോല്‍ സംഭരിക്കാനോ സാധിച്ചില്ല. കഴിഞ്ഞവര്‍ഷം നേരത്തെ കൃഷിയൊരുക്കാന്‍ ആരംഭിച്ചിരുന്നെങ്കിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ മഴയില്‍ ബണ്ട് തള്ളിപ്പോയി കെട്ടുപൊട്ടി മുഴുവന്‍ വെള്ളം തിരിച്ചുകയറി ഞാറും വിത്തുകളും നശിച്ചുപോയിരുന്നു