ഒരു മാസത്തോളം അടച്ചുപ്പൂട്ടി, ചില വാര്‍ഡുകളില്‍ രോഗികള്‍ ഇല്ല, എന്നിട്ടും നിയന്ത്രണങ്ങള്‍ തുടരുന്നു
കണ്ടെയ്ന്മെന്റ് സോണില്‍ നട്ടം തിരിഞ്ഞ് നഗരവാസികള്‍
ഇരിങ്ങാലക്കുട: ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെയും കണ്ടെയ്ന്മെന്റ് സോണിന്റെയും നിയന്ത്രണങ്ങളില്‍ വലഞ്ഞ് നഗരവാസികള്‍. പട്ടണം കണ്ടെയ്ന്മെന്റ് സോണായിട്ട് ഇന്നത്തേക്ക് 28 ദിവസം. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് പറയുമ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ഡുകള്‍ പോലും ട്രിപ്പിള്‍ ലോക്ക് ഡൗണായും കണ്ടെയ്ന്മെന്റ് സോണുകളായും അടച്ചതില്‍ ടൗണ്‍ നിവാസികള്‍ പ്രതിഷേധത്തിലാണ്. ജൂണ്‍ മാസം കുറച്ചു ദിവസം പൊറത്തിശേരി മേഖല കണ്ടെയ്ന്മെന്റ് സോണായിരുന്നു. എന്നാല്‍ പിന്നീട് ടൗണ്‍ പ്രദേശത്തെ കമ്പനികളിലെ ജീവനക്കാരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ നഗരസഭയുടെ 41 വാര്‍ഡുകളും ജൂലൈ രണ്ടാം വാരത്തില്‍ കണ്ടെയ്ന്മെന്റ് സോണാക്കുകയായിരുന്നു.
തുടര്‍ന്ന് ഒരാഴ്ചക്കകം നഗരസഭയെ മൊത്തം ട്രിപ്പിള്‍ ലോക്ക് ഡൗണായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും കണ്ടെയ്ന്മെന്റ് സോണിലേക്ക് മാറ്റുകയും പിന്നീട് പൊറത്തിശേരി മേഖലയിലെ ചില വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളില്‍നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ടൗണ്‍ പ്രദേശത്തെ വാര്‍ഡുകളെ ഇതുവരെയും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും നീക്കം ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് വ്യാപാരികളും വിവിധ രാഷ്ട്രീയ കക്ഷികളും മറ്റും രംഗത്തെത്തിയിരുന്നു. കോവിഡ് രോഗികള്‍ ഇല്ലാത്ത ടൗണ്‍ പ്രദേശത്തെ പല വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി നിലനിര്‍ത്തുന്നതിലാണു പലര്‍ക്കും ആശയകുഴപ്പം ഉള്ളത്.
ഇതു സംബന്ധിച്ച് നഗരസഭാ ആരോഗ്യ വിഭാഗത്തിനോ നഗരസഭാ അധികൃതര്‍ക്കോ വ്യക്തമായ ഉത്തരമില്ല. രോഗികളോ രോഗവ്യാപനമോ ഉള്ള വാര്‍ഡുകളില്‍ മാത്രം നിയന്തണങ്ങള്‍ വരുത്തണമെന്നും രോഗികളില്ലാത്ത വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളുടെ നിയന്ത്രണങ്ങളില്‍ നിന്നും എത്രയും വേഗം ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നഗരസഭയിലെ 41 വാര്‍ഡുകളിലായി ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിട്ടും കണ്ടെയ്ന്മെന്റ് സോണ്‍ പരിധി നീക്കാത്തതിലാണ് ജനങ്ങളില്‍ അമര്‍ഷമുള്ളത്. ഇക്കാര്യത്തില്‍ കുറേ കൂടി വ്യക്തത വരുത്തി ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ ജനങ്ങളുടെ ആശങ്ക തീരും.