കൃത്രിമ കൈ വികസിപ്പിക്കാന്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്
ഇരിങ്ങാലക്കുട: അംഗപരിമിതര്‍ക്കായി കുറഞ്ഞ ചെലവില്‍ കൃത്രിമ കൈ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്. വിദ്യാര്‍ഥികളായ ഷോണ്‍ എം. സന്തോഷ്, ഐശ്വര്യ എബി, അലീന ജോണ്‍ ഗ്രേഷ്യസ്, ഐവിന് ഡയസ് എന്നിവരുടെ സംഘം ഐഡിയ ഫെസ്റ്റില്‍ നടത്തിയ അവതരണത്തിന് ആണ് അംഗീകാരം. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഐഇഡിസി നോഡല്‍ ഓഫീസറുമായ ഒ. രാഹുല്‍ മനോഹര്‍ ആണ് ടീമിന്റെ മെന്റര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബുവാണ് കോമെന്റര്‍. കല്ലേറ്റുംകര നിപ്മറുമായി സഹകരിച്ച് ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പ്രോജക്ടിന്റ അടുത്ത ഘട്ടത്തിനായി ആണ് തുക വിനിയോഗിക്കുക. കെ കൃഷ്ണന്, എസാജ് വില്‍സണ്‍ എന്നിവരടങ്ങുന്ന സംഘം ഇതിന്റെ ബീറ്റാ പ്രോട്ടോടൈപ് വികസിപ്പിച്ചിരുന്നു. ഈ പ്രോജക്ടിന് ലഭിച്ച അംഗീകാരം സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളെ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ അഭിനന്ദിച്ചു.