ഉത്തരവുകള്‍ക്ക് പുല്ലുവില; നഗരത്തില്‍ നവകേരള സദസിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍,ആര്‍ഡിഒയ്ക്ക് നഗരസഭാ സെക്രട്ടറി കത്തുനല്‍കി

ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡ് കവലയില്‍ പോസ്റ്റാേഫീസിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നവകരള സദസിന്റെ ബോര്‍ഡ്.
ഇരിങ്ങാലക്കുട: നഗരത്തില്‍ എങ്ങും നവകേരള സദസിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍. ഇതില്‍ പലതും സ്ഥാപനങ്ങളുടെ കാഴ്ചകള്‍ മറച്ചാണെന്നാണ് ഏറെ വിമര്‍ശനം. ഠാണാ ജംഗ്ഷനില്‍ ജയിലിനോട് ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡ്, ഇവിടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന ഉത്തരവിനു സമീപം. നിയമം ലംഘിക്കുന്നവര്‍ പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയരാകേണ്ടിവരും എന്ന നഗരസഭാ സെക്രട്ടറിയുടെ മുന്നറിയിപ്പു ബോര്‍ഡിനോട് ചേര്‍ന്നാണ് ഏകദേശം പത്തടിയോളം ഉയരമുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഠാണാ ജംഗ്ഷന്, ബസ്സ്റ്റാന്‍ഡ് കവല, കുട്ടംകുളം പരിസരം, കോളജ് ജംഗ്ഷന്, ചന്തക്കുന്ന്, ഞവരികുളം റോഡ് എന്നിവടങ്ങളിലാണ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. കാഴ്ച മറയ്ക്കുന്ന രീതിയില്‍ നവകേരള സദസിന്റെ ബോര്‍ഡ് സ്ഥാപിക്കരുതെന്നും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂവെന്നും കാണിച്ച് പരിപാടിയുടെ കണ്‍വീനര്‍ കൂടിയായ ആര്‍ഡിഒയ്ക്ക് കത്ത് നല്‍കിയതായി നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്ക് അറിയിച്ചു. ഒരാഴ്ച മുമ്പ് നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നഗരസഭ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഏറെ പരാതികള്ക്കിടയാക്കിയിട്ടും എടുത്തുമാറ്റുവാന്‍ അധികൃതര്‍ തയാറായിട്ടില്ല എന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.