വഴുക്കിലിച്ചിറയില് യന്ത്രവത്കൃത ഷട്ടര്‍ സംവിധാനമായി: കര്‍ഷകര്‍ക്ക് ആശ്വാസം
കൊറ്റനെല്ലൂര്‍: പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനു പരിഹാരമായി വഴുക്കിലിച്ചിറയില് യന്ത്രവത്കൃത ഷട്ടര്‍ സ്ഥാപിച്ചു. പ്രദേശത്തെ പ്രധാന ജലസംഭരണിയായ വഴുക്കിലിച്ചിറയുടെ നടുവിലൂടെ പോകുന്ന വലിയ തോട്ടിലെത്തുന്ന വെള്ളം ക്രമീകരിക്കാനാണ് ഷട്ടര്‍ സ്ഥാപിച്ചത്. കാലങ്ങളായി താത്കാലിക ബണ്ട് കെട്ടിയാണ് വെള്ളം നിയന്ത്രിച്ചിരുന്നത് എന്നാല്‍ ബണ്ട് കെട്ടിക്കഴിഞ്ഞുണ്ടാകുന്ന അപ്രതീക്ഷിത മഴ പാടശേഖരത്തെ വെള്ളത്തിലാക്കുകയും ബണ്ട് പൊളിച്ചുമാറ്റേണ്ട സ്ഥിതി വരുകയും ചെയ്തിട്ടുണ്ട്. ഇത് പഞ്ചായത്തിനും സാമ്പത്തികബാധ്യതയാണ്.
പുതിയ ഷട്ടര്‍ സ്ഥാപിച്ചതിലൂടെ കര്‍ഷകര്‍ക്കുതന്നെ ഷട്ടര്‍ തുറന്ന് വെള്ളം നിയന്ത്രിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി പെയ്യുന്ന മഴയെ ഭയക്കാതെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാവര്‍ഷവും ബണ്ട് നിര്‍മിക്കാനായി വേണ്ടിവരുന്ന സാമ്പത്തികബാധ്യതയില്നിന്ന് പഞ്ചായത്തിനും രക്ഷയായി. പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം ഉപയോഗിച്ചാണ് യന്ത്രവത്കൃത ഷട്ടര്‍ സ്ഥാപിച്ചത്. വഴുക്കിലിച്ചിറ പാടശേഖരത്തിലെ നൂറോളം ഏക്കറില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരുപ്പൂ നെല്‍കൃഷി ചെയ്യുന്നുണ്ട്. പ്രദേശത്ത് കൃഷിക്കുള്ള വെള്ളത്തിനും കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കൊറ്റനെല്ലൂര്‍ ബ്രാഞ്ച് കനാല്‍ വഴി ചിറ നിറയ്ക്കാനുള്ള വെള്ളം ഇടമലയാറില്‍നിന്നു ലഭിക്കാറുണ്ട്. കൂടാതെ വെള്ളം കൂടുതല്‍ ഉള്‍ക്കൊള്ളിക്കാനായി പാടശേഖരത്തിനു നടുവിലൂടെ പോകുന്ന വലിയ തോട് ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ആഴം കൂട്ടി വൃത്തിയാക്കി.
വഴുക്കിലിച്ചിറയിലും പുഞ്ചപ്പാടത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നം കരിങ്ങോള്‍ച്ചിറയില്‍ സ്ഥിരം ഷട്ടര്‍ സംവിധാനം ഇല്ലാത്തതാണ്. ഇവിടെ സ്ഥിരം ഷട്ടര്‍ സംവിധാനം വന്നാല്‍ മാത്രമേ വഴിക്കിലിച്ചിറയിലെ ഷട്ടറിന്റെ ഗുണം പൂര്‍ണമായും ലഭ്യമാക്കാനാകൂ. കരിങ്ങോള്‍ച്ചിറയില്‍ ബണ്ട് കെട്ടിയശേഷം അപ്രതീക്ഷിതമായി പെയ്യുന്ന മഴയില്‍ വഴുക്കിലിച്ചിറയിലും പുഞ്ചപ്പാടത്തും നെല്‍കൃഷി വെള്ളത്തിലാകുന്ന സ്ഥിതിയുണ്ട്. കരിങ്ങോള്‍ച്ചിറ, നെയ്തക്കുടി എന്നിവിടങ്ങളില്ക്കൂടെ ഇത്തരം സ്ഥിരം ഷട്ടര്‍ സംവിധാനം വന്നാല്‍ വേളൂക്കര, പുത്തന്‍ചിറ, മാള പഞ്ചായത്തിലെ കര്‍ഷകര്‍ക്കും കുടിവെള്ളക്ഷാമം നേരിടുന്ന നാട്ടുകാര്‍ക്കും വലിയ ആശ്വാസമാകും.