പൊറത്തൂചിറ കെട്ടിയതില്‍ അപാകം; ചോര്‍ച്ച വ്യാപകം
ഇരിങ്ങാലക്കുട: കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനുമായി കെട്ടിസംരക്ഷിക്കപ്പെടേണ്ട പൊറത്തൂചിറയില്നിന്ന് വെള്ളം ചോരുന്നതായി കര്‍ഷകര്‍. പൊറത്തിശേരി മേഖലയിലെ ആറുവാര്‍ഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂചിറ ഡിസംബര്‍ ആദ്യവാരത്തിലാണ് കെട്ടിയത്. നഗരസഭയിലെ 32, 33, 35, 36, 37, 39 എന്നീ വാര്‍ഡുകളില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കല്ലടത്താഴം, തെക്കുംഭാഗം പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുമായിട്ടാണ് ചിറ കെട്ടുന്നത്. എന്നാല്‍ മതിയായ രീതിയില്‍ മണ്ണ് ഉപയോഗിക്കാതെ ചിറ കെട്ടിയതിനാല്‍ വെള്ളം പുറത്തേക്ക് ഒഴുകുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അടിയന്തരമായി നഗരസഭ ഇടപെട്ട് കരാറുകാരനെകൊണ്ട് നിലവിലുള്ള ഷട്ടറിനുപുറമേ ചീര്‍പ്പിട്ട് അതിനുള്ളില്‍ മണ്ണിട്ടുനിറച്ച് ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ കൃഷിക്ക് വെള്ളം ലഭിക്കാതെ പോകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാടത്തേക്ക് വെള്ളം കൊണ്ടുപോകാന്‍ കാന നിര്‍മിക്കുന്നതിലും വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. കോണ്‍ക്രീറ്റ് മിക്സ്ചെയ്ത് ഇടുന്നതിനുപകരം കരിങ്കല്ലിട്ടാണ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. മുനിസിപ്പല്‍ എന്‍ജിനീയര്‍ക്ക് പരാതി നല്കിയതിനാല് അത് പൊളിച്ചുമാറ്റി. എങ്കിലും കമ്പിയും സിമന്റും കൃത്യമായി ഉപയോഗിക്കുന്നുണ്ടോയെന്നും കെട്ടുവണ്ണം 20 സെന്റീമീറ്റര്‍ ഉണ്ടോയെന്നും എന്‍ജിനീയര്‍ ഉറപ്പുവരുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകക്കൂട്ടായ്മ ചിറയ്ക്ക് സമീപം സമരം നടത്തി.