വില്ലേജ് ഓഫീസറും താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവര്‍ 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. കോണത്തുകുന്നു സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റുന്നതിനായി റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഈ മാസം 13 ന് സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവര്‍ ചേര്‍ന്നു സ്ഥലം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ആയി ആര് ഡി ഒ യ്ക്ക് സമര്‍പ്പിക്കുന്നതിനായി പരാതിക്കാരനോട് 3500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ട 3500 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരന് ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി കെസി സേതുവിനെ അറിയിക്കുകയും തുടര്‍ന്ന് പരാതിക്കാരന് തൃശൂര്‍ വിജിലന്‍സ് ഓഫീസില്‍ എത്തി പരാതി നല്‍കുകയും ചെയ്തിരുന്നു. വിജിലന്‍സ് ഫിനോള്‍ഫ് തലിന്‍ പുരട്ടി നല്കിയ നോട്ട് പരാതിക്കാരനില്‍ നിന്നും വില്ലേജ് ഓഫീസര്‍ സാദിക്കും,ഹരീസും സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം വില്ലേജ് ഓഫീസില്‍ വെച്ചു കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പി കെസി സേതു, ഇന്‍സ്പെക്ടമാരായ സജിത്ത് കുമാര്‍, എസ്ഐ ജയകുമാര്‍, സുദര്ശനന്, ഉദ്യോഗസ്ഥരായ വിബീഷ്, സൈജു സോമന്, ഗണേഷ്, സുധീഷ്, അരുണ്‍, ലിജോ, രഞ്ജിത്, ഡ്രൈവര്‍ മാരായ രതീഷ് എന്നിവരാണുണ്ടായിരുന്നത്.