ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നീലത്തിമിംഗല മാതൃക ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളിലും ഗവേഷകരിലും കൗതുകമുണര്‍ത്തികൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നീലത്തിമിംഗല മാതൃക ശ്രദ്ധേയമാകുന്നു. ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളജിനു ലഭിച്ച നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം ഉള്‍ക്കൊള്ളിച്ചാണ് പുതിയ മാതൃക കോളജില്‍ ഒരുക്കിയിരിക്കുന്നത്.
1970ലാണ് കോളജിന്റെ അന്നത്തെ പ്രിന്‍സിപ്പാള്‍ ആയിരുന്ന പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമലിന്റെ ശ്രമഫലമായി നീലത്തിമിംഗലത്തിന്റെ യഥാര്‍ത്ഥ അസ്ഥികൂടം കോളജിനു ലഭിച്ചത്. കോളജിലെ അന്നത്തെ ടാക്സിഡെര്‍മിസ്റ്റായിരുന്ന കെ. കെ. അംബുജാക്ഷന് ഈ അസ്ഥിപഞ്ജരം ശേഖരിച്ച് കേടുകൂടാതെ കോളജ് മ്യൂസിയത്തില്‍ സൂക്ഷിച്ചു. പിന്നീട് കോളജിന്റെ പുനരുദ്ധാരണ സമയത്ത് ഇത് സമീപത്തുള്ള ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലേക്ക് മാറ്റിയെങ്കിലും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും കൂടുതല്‍ ഉപകാരപ്പെടുന്നതിനായി ക്രൈസ്റ്റ് കോളജിലേക്ക് തിരികെകൊണ്ടുവരികയായിരുന്നു.
ഏകദേശം 50 അടി നീളമുള്ള നീലത്തിമിംഗല മാതൃകയാണ് കോളജില്‍ ഒരുക്കിയിരിക്കുന്നത്. നീല തിമിംഗലത്തിന്റെ ആവാസവ്യവസ്ഥ അതേരീതിയില്‍ പുനഃസൃഷ്ടിച്ചാണ് ഇത് സംരക്ഷിച്ചിരിക്കുന്നത്. നീലത്തിമിംഗലത്തിന്റെ പ്രത്യേകതകളും ആവാസവ്യവസ്ഥകളും ജീവിതരീതിയുമൊക്കെ വിശദീകരിക്കുന്ന ദൃശ്യശ്രാവ്യ സംവിധാനവും ഇതിനോടുചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കോളജിലെ സുവോളജി ബ്ലോക്കിനോട് ചേര്‍ന്നു ഒരുക്കിയിരിക്കുന്ന ഈ മാതൃക നിരവധിപേര്‍ ഇതിനോടകം സന്ദര്‍ശിച്ചു.
കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പിലും പ്രിന്‍സിപ്പല്‍ ഡോ. ഫാ. ജോളി ആന്‍ഡ്രൂസും ചേര്‍ന്ന് പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുത്തു. നിരവധി കലാകാരന്മാരുടെ ശ്രമഫലമായി നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ ആവാസ മാതൃക വിജ്ഞാന കുതുകികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ഈ സംരംഭത്തിന് ചുക്കാന്‍പിടിച്ച കോളജ് ബര്‍സാര്‍ ഫാ. വിന്‍സെന്റ് നീലങ്കാവില്‍ അഭിപ്രായപ്പെട്ടു. ഇന്നും നാളെയും സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.