ഇവിടെ വേണ്ടത് സ്ഥിരം തടയണ…കോന്തിപുലത്ത് കെഎല്‍ഡിസി കനാലിനു കുറുകെ സ്ഥിരം സംവിധാനത്തിന് ഇനിയെത്ര കാത്തിരിക്കണം
മാടായിക്കോണം: മഴ പെയ്ത് വെള്ളം നിറഞ്ഞാല്‍ കെഎല്‍ഡിസി കനാലിലെ താത്കാലിക തടയണ തള്ളിപ്പോകും. പാടശേഖരങ്ങളിലെ കൃഷി വെള്ളത്തിലാകും. ബണ്ട് സമയത്തിന് കെട്ടിയില്ലെങ്കിലോ, ഉയര്‍ന്ന ഭാഗത്ത് പാടശേഖരങ്ങളില്‍ വെള്ളം കിട്ടാതെ കൃഷിയുണങ്ങും. ഇതാണ് മുരിയാട് കോള്‍മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ. താത്കാലിക തടയണ സംവിധാനം സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഒരുപോലെ ബാധ്യതയാണ്. ലക്ഷങ്ങളാണ് ഇതിനായി ഓരോ വര്‍ഷവും ഇറിഗേഷന്‍ വകുപ്പ് ചെലവഴിക്കുന്നത്. കാലം തെറ്റി പെയ്യുന്ന മഴയില്‍ വെള്ളം കയറുന്നതോടെ ബണ്ട് പൊട്ടിക്കുകയോ തള്ളിപ്പോകുകയോ ചെയ്യുകയാണ്. മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറിയാല്‍ കടംവാങ്ങിയും പണയംവെച്ചും പലിശയ്ക്കെടുത്തും കൃഷിക്കിറങ്ങുന്ന ഓരോ കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ ബാധ്യതയാണ് വരുക. സ്ഥിരം സംവിധാനമാണെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. സ്ഥിരം തടയണ വേണമെന്നത് കാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ അത് നടപ്പാക്കാന്‍ ജനപ്രതിനിധികളോ സര്‍ക്കാരോ തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ തുടങ്ങിയ കോള്‍പ്പാടങ്ങളിലെ അയ്യായിരത്തോളം ഏക്കര്‍ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് കോന്തിപുലം പാലത്തിനു സമീപം ബണ്ട് കെട്ടുന്നത്. കാലങ്ങളായി ഒരു അനുഷ്ഠാനം പോലെ തുടരുന്ന താത്കാലിക ബണ്ട് സംവിധാനം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയെങ്കില്‍ മാത്രമേ ഇതിന് ശാശ്വതമായ പരിഹാരമാകുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.കോന്തിപുലം കെഎല്‍ഡിസി കനാലിനു കുറുകെ സ്ഥിരം തടയണയ്ക്കായി 2022ലെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും ടോക്കണ്‍ മണിയായി നൂറുരൂപ മാത്രമാണ് വെച്ചിരുന്നത്. എന്നാല്‍ പദ്ധതിക്കാവശ്യമായ തുകയുടെ 20 ശതമാനമെങ്കിലും ലഭിക്കാതിരുന്നതിനാല്‍ ഇറിഗേഷന്‍ വകുപ്പിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ച 12.21 കോടി രൂപയുടെ ഷട്ടര്‍ കം സ്ലൂയിസ് പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ അതിന്റെ 20 ശതമാനം അനുവദിച്ചിട്ടുണ്ട്. വീതി കൂടിയ നാല് ഷട്ടറുകളടങ്ങിയ സ്ലൂയിസാണ് കോന്തിപുലം പാലത്തിന് പടിഞ്ഞാറുഭാഗത്തായി പണിയാന്‍ പദ്ധതി തയ്യാറാക്കി സമര്പ്പിച്ചിരി്കുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിക്കഴിഞ്ഞാല്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പണികളാരംഭിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.