ഇനിയെന്ന് വറ്റിച്ചുതീരും, കണ്ണീരാണ് കര്‍ഷക നെഞ്ചിനുള്ളില്‍ കാലം തെറ്റിയ മഴ, പമ്പ് ചെയ്തിട്ടും വറ്റാതെ കണ്ണീര്‍പ്പാടം
ഇരിങ്ങാലക്കുട: അപ്രതീക്ഷിത മഴയില്‍ കര്‍ഷക സ്വപ്നങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന അവസ്ഥയിലാണ് കരുവന്നൂര്‍ മേഖലയിലെ പാടശേഖരങ്ങളിലെ കര്‍ഷകര്‍. കരുവന്നൂര്‍ കര്‍ഷക സംഘത്തിനു കീഴിലെ പാടശേഖര സമികളിലെ പലയിടത്തും പുഞ്ചകൃഷിക്കായുള്ള ഏക്കറു കണക്കിന് നെല്‍കൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്.കരുവന്നൂര്‍ ബംഗ്ലാവിനു സമീപം കൃഷിഭവനോടു ചേര്‍ന്നുള്ള തരിശ് കിഴക്കേ പുഞ്ചപ്പാടം, തൊട്ടിപ്പാള്‍ മാടപ്പുറം എന്നീ പാടശേഖരങ്ങലിലെ നെല്‍കൃഷിയാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്.
കരുവന്നൂര്‍ കര്‍ഷക സംഘം, കരിക്കാകുളം പാടശേഖര സമിതി എന്നിവടങ്ങളിലെ കര്‍ഷകര്‍ ഇതു സംബന്ധിച്ച് കൃഷി ഭവനുകള്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. ഏകദേശം 500 ഏക്കറോളം നെല്‍കൃഷിയാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനായി 50 എച്ച്പിയുടെ നാല് മോട്ടോറുകള്‍ രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നിട്ടും പാടശേഖരത്തില്‍ നിന്നും കാര്യമായി വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. ഇപ്പോഴും നെല്ചെടികള് രണ്ടടിയോളം വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.
നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ പാടശേഖരത്തിലെത്തിയ കര്‍ഷകര്‍ക്കുണ്ടായത്. വെള്ളത്തില്‍ മുങ്ങികിടന്ന നെല്ചെടികള് പറിച്ചപ്പോള്‍ അവയുടെ വേരുചീഞ്ഞ നിലയിലായിരുന്നു. ഇത് കര്‍ഷകരെ ഏറെ കണ്ണീരിലാഴ്ത്തി. ധനുകുളം പാടശേഖരത്തില്‍ 200 ഏക്കറും കരിക്കാക്കുളം പാടശേഖരത്തില്‍ 150 ഏക്കറും വെള്ളത്തിലായിരുന്നു. തെട്ടിപ്പാള്‍ മുളങ്ങ് പാടശേഖരത്തില്‍ കൊയ്യാന്‍ പാകത്തിലായ അരഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി പാടേ നശിച്ചു. 35 ദിവസം പ്രായമായ നെല്ചെടികളാണു നശിച്ചതിലേറെയും.
കഴിഞ്ഞ മഴയില്‍ മാഞ്ഞാംകുഴി ഡാമില്‍ നിന്നും ഉണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് മൂലം കോന്തിപുലം, താമരവളയം തടയണകള്‍ തകര്‍ന്നു. എന്നാല്‍ ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതു മൂലം കനാലിലെ വെള്ളം പാടശേഖരത്തിലേക്കൊഴുകി. കരുവന്നൂര്‍ പുഴയില്‍ നിന്നും പുത്തന്‍ തോടിലേക്കുള്ള ബണ്ടില്‍ ഉയരം ഇല്ലാത്തതിനാല്‍ പാടശേഖരത്തിലേക്ക് വെള്ളം ഇപ്പോഴും പോകുന്നത്. ഇതാണ് പമ്പ് ചെയ്യുന്നുണ്ടെങ്കിലും വെള്ളം കുറയാത്തത്.
കൃഷി ഭവനില്‍ നിന്നും ലഭിച്ച ഉമ വിത്താണ് വിതച്ചത്. വിത്ത് മാത്രമാണ് സൗജ്യമായി ലഭിച്ചത്. ഒരു ഏക്കറിന് 25000 രൂപയാണ് കൃഷിയിറക്കാന്‍ ചെലവായിരിക്കുന്നത്. യോഹന്നാന് മൂര്ക്കനാട്ടുക്കാരന്, ശശീധരന് വല്ലത്ത്, പോള്‍ തെക്കൂടന്‍, രാധാകൃഷ്ണന് കോവാത്ത്, ജോസ് മങ്കിടിയാന്‍, മനോഹരന്, മുരളി കോവാത്ത് എന്നിവരുടെ കൃഷിയാണ് നശിച്ചത്. ഒരുപ്പൂ മാത്രമാണ് ഇവിടെ കൃഷിയിറക്കാറുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നല്ല വിളവ് ലഭിച്ചിരുന്നയി കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പൊറത്തിശേരി പറപ്പൂക്കര കൃഷി ഭവനിലെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. ആദ്യം ഇഷ്ടികക്കളമായിരുന്ന ഈ പ്രദേശം ജെസിബി ഉപയോഗിച്ച് നികത്തി ഭീമമായ തുക ചെലവുചെയ്താണ് നെല്‍കൃഷിക്ക് അനുയോജ്യമാക്കിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍
*കോന്തിപുലം, താമരവളയം താത്കാലിക തടയണകള്‍ മാറ്റി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം.
*പ്രളയത്തില്‍, മണ്ണിടിഞ്ഞ് ആഴം കുറഞ്ഞ ബണ്ട് തോടിന്റേയും ഉള്ത്തോടുകളുടേയും ആഴം കുട്ടണം.
*ബണ്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോര്‍ ഷെഡുകള്‍ ഉയര്‍ത്തി സ്ഥാപിക്കണം.