താമരവളയം കനാലിലെ ചീപ്പുചിറ കെട്ട്: നാട്ടുകാര്‍ തടഞ്ഞു, ജലസ്രോതസ്സുകള്‍ മലിനമാകുമെന്ന് നാട്ടുകാര്പരിശോധനയ്ക്കായി കിണര്‍വെള്ളം ശേഖരിച്ചു
കരുവന്നൂര്‍: താമരവളയം കനാലില്‍ കൊക്കരിപ്പള്ളത്ത് ചീപ്പുചിറയില്‍ മണ്ണിട്ട് തടയണ കെട്ടാനുള്ള ജലസേചനവകുപ്പിന്റെ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച കളക്ടറേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് കരുവന്നൂര്‍ പുഴയിലേക്ക് ചേരുന്ന താമരവളയം കനാലിലുള്ള സ്ഥിരം ചീപ്പുചിറയില്‍ മണല്‍ചാക്കുകളിട്ട് കെട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എത്തി മണല്‍ചാക്കുകള്‍ നിറച്ച് ചീപ്പുകളില്‍ പലകയിടാനുള്ള നടപടികള്‍ക്കിടയിലാണ് നാട്ടുകാര്‍ പണി തടഞ്ഞത്. ഇതേസമയം സ്ഥലത്തുണ്ടായിരുന്ന ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍ രാജി കൃഷ്ണകുമാറും വിഷയം നഗരസഭയെയും ജില്ലാ കളക്ടറടക്കമുള്ളവരെയും അറിയിച്ചു. രണ്ട് പോലീസുകാരാണ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.
ചീപ്പുചിറ കെട്ടാന്‍ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ പുഴയിലേക്ക് ചാടുമെന്നും സ്ത്രീകളടക്കമുള്ളവര്‍ ഭീഷണി മുഴക്കി. പ്രതിഷേധം ശക്തമാക്കിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചിറ കെട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. ചിറ കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുകയാണെന്നും അതിനാല്‍ ചിറ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചുവരുകയാണ്. കഴിഞ്ഞ വര്‍ഷം സബ് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കുറച്ച് കിഴക്കുമാറി താത്കാലികമായി ചിറ കെട്ടാന്‍ തീരുമാനിച്ച് ഇത്തവണ അവിടെ കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വെള്ളം ഉയര്‍ന്ന് തടയണ തകര്‍ന്ന് സമീപത്തെ പറമ്പിന്റെ കുറച്ചുഭാഗം ഇടിഞ്ഞുപോയി. ചീപ്പുചിറ അടച്ചാല്‍ ജലസ്രോതസ്സുകളെല്ലാം വീണ്ടും മലിനമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചയോടെ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജല അതോറിറ്റി ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധസമിതി സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. തകര്‍ന്ന താത്കാലിക തടയണയും ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. പ്രദേശത്തെ രണ്ട് കിണറുകളില്‍നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. മൂന്നോ, നാലോ ദിവസത്തിനുള്ളില്‍ ഇതിന്റെ പരിശോധനാഫലം ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. താത്കാലിക തടയണ കെട്ടി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്നുള്ള റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. കണക്കന്‍കടവ് പാലത്തിനടുത്തുള്ള ചീപ്പുചിറ ഒഴിവാക്കി ഇപ്പോള്‍ താത്കാലിക തടയണ സ്ഥാപിച്ച സ്ഥലമടക്കം മറ്റേതെങ്കിലും ഭാഗത്ത് സ്ഥിരം സ്ലൂയിസ് സ്ഥാപിക്കാന്‍ പഠനം നടത്താന്‍ ജലസേചനവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.