ക്രൈസ്റ്റ് കോളജില്‍ ബിരുദദാന ചടങ്ങ് പ്രഫ. ഡോ. വിവേക് ഗുപ്ത രാംനരയ്ന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വിവരസാങ്കേതികവിദ്യയില്‍ അനുദിനം മുന്നേറുന്ന ലോകത്തില്‍ നാളെയുടെ പതാകവാഹകരാകുവാന്‍ വ്യക്തികളെ ഒരുക്കുന്നതാകണം വിദ്യാഭ്യാസമെന്ന് മൗറീഷ്യസ് അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. വിവേക് ഗുപ്ത രാംനരയ്ന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ 739 വിദ്യാര്‍ഥികളുടെ ബിരുദ ദാനമാണ് നടത്തിയത്. 499 ബിരുദ വിദ്യാര്‍ഥികളും 238 ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളും രണ്ട് ഗവേഷക വിദ്യാര്‍ഥികളും തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി ബിരുദം സ്വീകരിച്ചു. മൗറീഷ്യസ് അമിറ്റി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും വൈസ് ചാന്‍സലറുമായ പ്രഫ. ഡോ. വിവേക് ഗുപ്ത രാംനരയ്ന്‍ ആയിരുന്നു ബിരുദദാനം നിര്‍വഹിച്ചത്.
സിഎംഐ സഭയുടെ വിദ്യാഭ്യാസമാധ്യമവിഭാഗം കൗണ്‍സിലര്‍ റവ.ഡോ. മാര്ട്ടിന് മള്ളത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ആന്‍ഡ്രൂസ് മാളിയേക്കല്‍, സ്വാശ്രയ വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍, കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, വൈസ് പ്രിന്‍സിപ്പൽ ഡോ. സേവ്യര്‍ ജോസഫ്, പരീക്ഷ കണ്ട്രോളര് ഡോ. ടോം ചെറിയാന്, വൈസ് പ്രിന്‍സിപ്പലും പരിപാടിയുടെ മുഖ്യ സംഘാടകയുമായ പ്രഫ. മേരി പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.