ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ ആദ്യമായി നാല് കേന്ദ്രങ്ങളില്‍ വിപണനമേളകള് ഒരുക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍
കുടുംബശ്രീയുടെ ഓണ വിപണന മേളകള്‍ തുടങ്ങി; പങ്കാളികളാകുന്നത് നാല്പതോളം വനിതാ സംരംഭകര്‍
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ നാല് കേന്ദ്രങ്ങളില്‍ ഓണവിപണനമേളയുമായി കുടുംബശ്രീ .കുടുംബശ്രീ സിഡിഎസ് ഒന്നിന്റെയും രണ്ടിന്റെയും നേത്യത്വത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, തേലപ്പിള്ളി സെന്റര്‍, വാര്‍ഡ് 13 ല്‍ ആസാദ് റോഡ്, വാര്‍ഡ് 34 ല്‍ അംഗന്‍വാടി എന്നിവടങ്ങളിലാണ് ഓണനാളുകളില്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഓണാഘോഷങ്ങള്‍ക്ക് ആവശ്യമായ ഉപ്പേരികള്‍, അച്ചാറുകള്‍, മസാലപ്പൊടികള്‍, പച്ചക്കറികള്‍, മലക്കപ്പാറയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നുമുള്ള തേന്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ഓണ വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്.
നാല്പതോളം വനിതാ സംരംഭകരുടെ ഉല്പന്നങ്ങളാണ് മേളയില്‍ എത്തിയിട്ടുള്ളത്. സിഡിഎസ് ചെയര്‍ പേഴ്സണ്‍മാരായ പി.കെ. പുഷ്പാവതി, ഷൈലജ ബാലന്, മെമ്പര്‍ സെക്രട്ടറിമാരായ സജിത പണിക്കര്‍, എം. ലളിത, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ നിഷ ലക്ഷ്മി, സിറ്റി മിഷന് മാനേജര്‍ വിബിത ബാബു, അക്കൗണ്ടന്റ്മാരായ സിനിജ, പി. നിഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച കുടുംബശ്രീ വിപണനമേളയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു. വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.