വേനല്‍ മഴയെ തുടര്‍ന്ന് മുരിയാട് കോള്‍നിലങ്ങള്‍ വെള്ളക്കെട്ടില്‍; കോന്തിപുലത്തെ താല്‍ക്കാലിക തടയണ ഭാഗികമായി പൊളിച്ച് നീക്കി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ മാടായിക്കോണം കോന്തിപുലം പാലത്തിന് സമീപം കെഎല്‍ഡിസി കനാലിലെ താല്‍ക്കാലിക തടയണ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസങ്ങളിലെ വേനല്‍മഴയില്‍ കനാലില്‍ ഉയര്‍ന്ന് പാടശേഖരങ്ങളിലേക്ക് ഒഴുകിയതോടെ കൊയ്യാറായ നെല്ലിന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കരാറുകാരന്റെ നേതൃത്വത്തിലാണ് തടയണ ഭാഗികമായി ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയില്ലെങ്കില്‍ തങ്ങള്‍ തന്നെ പൊളിച്ച് നീക്കുമെന്ന് മുരിയാട് കായല്‍ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ പെയ്തതോടെ ചാലക്കുടിപ്പുഴയില്നിന്നും കിഴക്കുഭാഗത്തുനിന്നും വെള്ളം കനാലിലേക്ക് എത്തിയതാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്.
പാടശേഖരങ്ങളില്‍ വെള്ളം നിന്നാല്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയില്ലെന്നും ഒരു മഴകൂടി പെയ്താല്‍ പാടശേഖരം മുഴുവന്‍ വെള്ളത്തിലാകുമെന്നും കര്‍ഷകര്‍ പറയുന്നു. താത്കാലിക ബണ്ട് കെട്ടുമ്പോള്‍ രണ്ടിടത്ത് അധികജലം ഒഴുകിപ്പോകാന്‍ സ്ഥലം ഇടണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഒരിടത്ത് ചെറുതായിട്ടാണ് കഴ ഇട്ടിരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. മണല്‍ച്ചാക്കിട്ട് അടച്ചിരുന്ന ഈ ഭാഗത്തുനിന്ന് ചാക്കുകള്‍ നീക്കിയെങ്കിലും കുറച്ചുമാത്രമാണ് വെള്ളം ഒഴുകിപ്പോയിരുന്നത്. തുടര്‍ന്നാണ് കര്‍ഷകര്‍ നേരിട്ടിറങ്ങി ബണ്ട് പൊട്ടിച്ചത്.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായാണ് കോന്തിപുലം പാലത്തിന് സമീപം വര്‍ഷംതോറും ബണ്ട് കെട്ടുന്നത്. താല്‍ക്കാലിക തടയണ പൊളിച്ച് നീക്കിയില്ലെങ്കില്‍ മുരിയാട് കായല്‍ മേഖലയിലെ നാലായിരത്തോളം എക്കര്‍ വരുന്ന കൃഷിയിടങ്ങള്‍ വെള്ളത്തിലാകുമെന്നും ഭീമമായ നഷ്ടം നേരിടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കൃഷി ആവശ്യങ്ങള്‍ക്കായി ജലം സംഭരിക്കാന്‍ തടയണ നിര്‍മ്മിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ വെള്ളം സാധാരണ നിലയില്‍ നിന്നും മൂന്നടിയോളം ഉയര്‍ന്നതായി കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ 35 ഓളം പാടശേഖര സമിതികുടെ നേതൃത്വത്തിലാണ് മുരിയാട് കായല്‍ മേഖലയില്‍ കൃഷിയിറക്കിയത്.