കടത്തുവഞ്ചി നിലച്ചിട്ട് 12 വര്‍ഷം പിന്നിട്ടു, എന്നു തീരും ഉപ്പുംതുരുത്തി നിവാസികളുടെ യാത്രാദുരിതം
ഉപ്പുംതുരുത്തി നിവാസികള്‍ വഞ്ചിയില്‍ കടത്തുകടക്കുന്നു.
പടിയൂര്‍: കനോലി കനാലിന്റെ അക്കരെയും ഇക്കരെയുമുള്ള രണ്ടു ഗ്രാമങ്ങളാണു എടത്തിരുത്തിയും പടിയൂരും. കനോലി കനാല്‍ വന്ന കാലംമുതല്‍ എടത്തിരുത്തിയിലെയും പടിയൂരിലെയും കര്‍ഷകര്‍ അങ്ങോട്ടുമിങ്ങോട്ടും വഞ്ചിയില്‍ പോകുന്നതിനു ഉപയോഗിച്ചിരുന്ന കടവാണു ചെന്ത്രാപ്പിന്നി ഈസ്റ്റിന്റെ കിഴക്കേ അറ്റത്തുള്ളതും പടിയൂര്‍ ചെട്ടിയാല്‍ ജംഗ്ഷനില്‍നിന്നും വടക്കോട്ടു മാറിയുള്ളതുമായ ഉപ്പുംതുരുത്തി കടവ്.
ഒന്നു നോക്കിയാല്‍ കാണുന്ന അകലത്തിലുള്ള ഇവര്‍ക്ക് ചെന്ത്രാപ്പിന്നിയില്നിന്നു പടിയൂരിലേക്കോ തിരിച്ചോ പോകണമെങ്കില്‍ 12 കിലോമീറ്റര്‍ റോഡുവഴി ചുറ്റി സഞ്ചരിക്കണം. കാട്ടൂര്‍ ബസാര്‍വഴി തേക്കുംമൂലയിലൂടെ ചുറ്റിത്തിരിഞ്ഞ് പടിയൂരിലെത്തി സ്വന്തം പ്രദേശത്തേക്കു എത്തിച്ചേരേണ്ട ദുരവസ്ഥയാണു ഉപ്പുംതുരുത്തി പ്രദേശത്തെ ജനങ്ങള്‍ക്കുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ കടത്തുവഞ്ചിയുണ്ടെങ്കില് ഒരു മിനിട്ടുകൊണ്ട് സാധിക്കുന്ന കാര്യത്തിനു പന്ത്രണ്ട് കിലോമീറ്ററോളം ചുറ്റിത്തിരിയണമെന്നര്ഥം. ഇതിനായി രണ്ടു ബസുകളും മാറിക്കയറണം.
കടത്തുവഞ്ചി നിശ്ചലമായിട്ട് 12 വര്‍ഷം
ഇവിടത്തെ കടത്തുവഞ്ചി നിശ്ചലമായിട്ട് 12 വര്‍ഷം. പഴയകാലത്ത് എടത്തിരുത്തി, പടിയൂര്‍, കാട്ടൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ധാരാളം ആളുകള്‍ ഉപ്പുംതുരുത്തി കടവിലെ കടത്തുവഞ്ചിയെ ആശ്രയിച്ചിരുന്നു. ആദ്യകാലങ്ങളില്‍ കടത്തുവഞ്ചി നടത്തിപ്പിനു വലിയ തുകയ്ക്ക് എടത്തിരുത്തി പഞ്ചായത്ത് ലേലം ചെയ്തു കൊടുക്കലായിരുന്നു പതിവ്. പിന്നീട് ലേലത്തിനു എടുക്കാനാളില്ലാതായപ്പോള് പഞ്ചായത്തുതന്നെ പണംമുടക്കി കടത്തു വഞ്ചിയുടെ പ്രവര്‍ത്തനം ഒരാളെ ഏല്‍പ്പിക്കുന്ന അവസ്ഥയിലേക്കെത്തി.
പക്ഷേ അതും അധികകാലം നീണ്ടുപോയില്ല. സാമ്പത്തികമായി മെച്ചമില്ലാത്തതിനാല്‍ കടത്തുക്കാരനു കടത്തുവഞ്ചിയുടെ നടത്തിപ്പുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുപറഞ്ഞ് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ കടത്തുവഞ്ചി എന്നന്നേക്കുമായി കരക്കുകയറ്റി. എടത്തിരുത്തിയിലെ സൂര്യന് എന്ന വ്യക്തിയാണു ഈ കടവിലെ അവസാന കടത്തുക്കാരന്. പുളിക്കന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയാണു പലപ്പോഴും ആശ്രയം.
ഒരു പാലത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
കടത്തുവഞ്ചി നിര്‍ത്തലാക്കിയതോടെ ഇരു കരയിലുള്ളവര്‍ക്കും യാത്രാക്േശം രൂക്ഷമായി. ഇരു കരകളും ഇരു പഞ്ചായത്തുകള്‍ക്കു പുറമെ ഇരു നിയോജകമണ്ഡലങ്ങളിലുമാണ് കിടക്കുന്നത്. പടിഞ്ഞാറുഭാഗം കയ്പമംഗലം മണ്ഡലത്തിലും കിഴക്കുഭാഗം ഇരിങ്ങാലക്കുട മണ്ഡലത്തിലും. നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കാത്ത ഇടങ്ങളില്ല. ഉപ്പുംതുരുത്തി നിവാസികളുടെ ഗ്രാമസഭയില്‍ സ്ഥിരം ആവശ്യമാണ് പാലം വേണമെന്നുള്ളത്.
അയല്‍ക്കൂട്ടങ്ങള്‍, എംഎല്‍എ, എംപി എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്കി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. 70 ഓളം ഉപ്പുംതുരുത്തി നിവാസികളുടെ പ്രധാന ആശ്യമാണ് ഇവിടൊരു പാലം വേണമെന്നുള്ളത്. ചെറിയ തോതിലുള്ള സമരങ്ങള്‍ പലതും നടത്തിയെങ്കിലും അധികാരികള്‍ ചെവികൊണ്ടില്ല. കടത്തുണ്ടായിരുന്ന കാലത്ത് ഉപ്പുംതുരുത്തി നിവാസികള്‍ പഠിച്ചത് ചെന്ത്രാപ്പിന്നി അപ്പര്‍ പ്രൈമറി സ്കൂളിലാണ്. പുളിക്കന്‍ തോമസിന്റെ ഉടമസ്ഥതിയുള്ള വഞ്ചിയിലാണു ഇവിടത്തുകാര്‍ ചെന്ത്രാപ്പിന്നി ഈസ്റ്റ് പള്ളിയിലേക്കും മറ്റും പോകുന്നത്. 20 ഓളം ക്രൈസ്തവ കുടുംബങ്ങളാണു ഈ കടവിനു കിഴക്കേ ഭാഗത്തുള്ളത്.
ചായക്കട മാറി കള്ളുഷാപ്പായി
ഒരുകാലത്ത് കെട്ടുവള്ളങ്ങളില്‍ പലചരക്ക് സാധനങ്ങള്‍ ഈ കടവുകളിലിറക്കിയാണു സമീപപ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഈ കാലഘട്ട്തില്‍ ആളുകളുടെ വലിയ സാന്നിധ്യം ഈ കടവില്‍ സ്ഥിരമായി ഉണ്ടായിരുന്നു. ആളുകള്‍ക്ക് സൗകര്യത്തിനായി പടിഞ്ഞാറുകരയില്‍ ചായക്കടയും ഉണ്ടായിരുന്നു. കടത്തു നിന്നതോടെ ആള്‍സഞ്ചാരം ഇല്ലാത്ത പ്രദേശമായി ഇവിടം മാറി. അതോടെ ചായക്കട നഷ്ടത്തിലുമായി. പിന്നീട് അതു കള്ളുഷാപ്പായി മാറുകയാണുണ്ടായത്. ആള്‍സഞ്ചാരം കുറഞ്ഞതോടെ ഇരു കരകള്‍ക്കു സമീപം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നതും പതിവായി.
2016 ല്‍ മണ്ണുപരിശോധന നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല
വി.എസ്. സുനില്‍കുമാര്‍ കയ്പമംഗലം എംഎല്‍എ ആയിരുന്ന കാലത്ത് പാലം നിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. 11 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിനു എസ്റ്റിമേറ്റും സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2016 ല്‍ ലക്ഷങ്ങള്‍ ചെലവിട്ട് മണ്ണ് പരിശോധനയും പ്രാഥമിക നടപടികളും നടത്തി. ഇനി ബജറ്റില്‍ ഫണ്ട് ലഭിച്ചാല്‍ മാത്രമേ നാട്ടുകാരുടെ സ്വപ്നം നടപ്പിലാകുകയുള്ളൂ. 2023 ല്‍ ജോയ് ചാലിശേരി രക്ഷാധികാരിയായി 20 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചീട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു