കൂടല്‍മാണിക്യം ഉത്സവം; സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ച് അധികൃതര്‍; കൂടുതലായി എണ്‍പതോളം സിസി ക്യാമറകള്‍
കൂടല്‍മാണിക്യം ഉത്സവത്തിന് മുന്നോടിയായി നടന്ന അവലോകന യോഗത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം പൂര്‍വാധികം ഭംഗിയായി നടത്താന്‍ മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകനയോഗം തീരുമാനിച്ചു. ഇന്ന് കൊടികയറി മേയ് എട്ടിന് ആറാട്ടോടുകൂടി സമാപിക്കുന്ന ഈ വര്‍ഷത്തെ ഉത്സവം ഭംഗിയായി നടത്താന്‍ വേണ്ട എല്ലാ സഹകരണവും നല്‍കുമെന്ന് വിവിധ വകുപ്പുമേധാവികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ഓഫീസില്‍ യോഗം ചേര്‍ന്നത്.
ഉത്സവത്തിന് മുമ്പായി കുട്ടംകുളം റോഡ് ഗതാഗതയോഗ്യമാക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിഴക്കേ നടയില്‍ ഉള്ള ആനപ്പടി വാതിലിന്റെ വീതി കൂട്ടുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചതായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി അഞ്ചു കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും രണ്ട് ആംബുലന്‍സ് അടക്കമുള്ള ആരോഗ്യ വകുപ്പിന്റെ സേവനം ഉണ്ടാകുമെന്നും ചുറ്റുമുള്ള റോഡുകളുടെ ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി യോഗത്തില്‍ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, കെ. ബിന്ദു, വി.സി. പ്രഭാകരന്, അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
250 ഓളം പോലീസുകാരെ നിയോഗിക്കും
ഉത്സവത്തിനായി 250 ഓളം പോലീസുകാരെ നിയോഗിക്കുമെന്നും വിവിധ സ്ഥലങ്ങളിലായി 80 കാമറകള്‍ സ്ഥാപിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ എകോപിപ്പിക്കുന്നതിനായി പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും മഫ്തി പോലീസ്, പിങ്ക് പോലീസ്, ഡ്രോണ്‍ നിരീക്ഷണം, ബൈക്ക് പട്രോളിംഗ് എന്നിവ ഉണ്ടാകുമെന്നും യോഗത്തില്‍ പങ്കെടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എഴുന്നള്ളിപ്പ് കഴിഞ്ഞുള്ള ജനത്തിരക്ക് ഒഴിവാക്കാന്‍ പോലീസിനെ കൂടാതെ കൂടുതല്‍ വളണ്ടിയര്‍മാരെ വിനിയോഗിക്കണമെന്ന പോലീസിന്റെ ആവശ്യം ദേവസ്വം അംഗീകരിച്ചു. രാവിലെ മാതൃക്കല്‍ ബലിദര്ശനത്തിന് സ്ത്രീകളുടെ തിരക്കേറുന്നതിനാല്‍ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കണമെന്ന് ദേവസ്വം പോലീസിനോട് ആവശ്യപ്പെട്ടു. പാപ്പാന്മാര് മദ്യപിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ സംവിധാനം കര്‍ശനമാക്കും
ചൂ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ അഥോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. ഉത്സവത്തിന് ഭക്ഷ്യസുരക്ഷാ സംവിധാനം കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. അമ്പലത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ ലൈന്‍ കമ്പികള്‍ എല്ലാം മാറ്റി കേബിള്‍ ആക്കിയിട്ടുണ്ടെന്നും അടുത്തുള്ള ട്രാന്‍സ്ഫോമര്‍ നവീകരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ആനകളുടെ പരിശോധനകള്‍ക്കായി വിദഗ്ധ സ്ക്വാഡിന്റെ സേവനം ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പതിനൊന്ന് ദിവസവും ശുചീകരണ പ്രവൃത്തികള്‍ക്കായി 24 ജീവനക്കാരെ തയാറാക്കിയിട്ടുണ്ടെന്നും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്സവത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാരെ നിയോഗിക്കുമെന്നും നഗരസഭ വ്യക്തമാക്കി. ക്ഷേത്രമതിലിനകത്തും പുറത്തുമായി നടക്കുന്ന കലാപരിപാടികള്‍ക്കായി ആയിരത്തോളം കലാകാരന്മാരാണ് എത്തിച്ചേരുന്നത്. ആനയുടെ സമീപത്തേക്ക് ആരെയും കടത്തിവിടില്ല. അന്നദാനത്തിനായി കലാനിലയം, ഊട്ടുപുര എന്നീ രണ്ടു ഭക്ഷണ കേന്ദ്രങ്ങള പ്രവര്‍ത്തിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം