ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാ തല സ്വരാജ് ട്രോഫി പൂമംഗലം പഞ്ചായത്തിനു ലഭിച്ചു
അരിപ്പാലം: ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2019-2020 വര്‍ഷത്തെ ജില്ലാ തല സ്വരാജ് ട്രോഫി പൂമംഗലം പഞ്ചായത്തിനു ലഭിച്ചു. ആറാം തവണയാണു പൂമംഗലം പഞ്ചായത്ത് സ്വരാജ് ട്രോഫി കരസ്ഥമാക്കുന്നത്. 10 ലക്ഷം രൂപയും ശിലാഫലകവും അടങ്ങുന്നതാണു പുരസ്കാരം. പദ്ധതി ചെലവിലും നികുതി പിരിവിലും നൂറു ശതമാനം നേട്ടം കൈവരിക്കാനായതാണു പുരസ്കാരത്തിനു അര്‍ഹമാക്കിയത്. ആരോഗ്യവിദ്യാഭ്യാസ രംഗത്തും കാര്‍ഷിക, പശ്ചാത്തല മേഖലയിലും സാമൂഹികസുരക്ഷാരംഗത്തും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണു അവാര്‍ഡിനു അര്‍ഹമാക്കിയത്. ക്ലീന്‍ പൂമംഗലം, ഗ്രീന്‍ പൂമംഗലം എന്നീ പദ്ധതികളും പാലിയേറ്റീവ് രോഗികളുടെ ക്ഷേമത്തിനുള്ള സുകൃതം പദ്ധതിയും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് സെന്ററിനു പുതിയ കെട്ടിടം നിര്‍മിച്ചു. പഞ്ചായത്തിലെ ഏക ഗവ. യുപി സ്കൂളായ വടക്കുംകര യുപി സ്കൂള്‍ മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കായ നിയോജകമണ്ഡലത്തിലെ ആദ്യത്തെ സ്കൂളായി. ആര്‍ട്ട് ഗ്യാലറി, ഉര്‍വരം, നാടകക്കളരി, സയന്‍സ് പാര്‍ക്ക് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ജില്ലയ്ക്കു തന്നെ മാതൃകയായ പദ്ധതികളായിരുന്നു. 50 ശതമാനത്തില്‍ താഴെ മാത്രം നെല്കൃഷിയുണ്ടായിരുന്ന പൂമംഗലത്ത് തരിശുരഹിത പൂമംഗലം പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായി അഞ്ചു ശതമാനം കൃഷിയോഗ്യമാക്കി. പൂമംഗലം മട്ട എന്ന ബ്രാന്‍ഡ് അരി വിപണിയിലിറക്കി. മാലിന്യസംസ്കരണ രംഗത്ത് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആദ്യമായി ‘ക്ലീന്‍ പൂമംഗലം’ പദ്ധതി നടപ്പാക്കി. നികുതിപിരിവില്‍ 2020 ജനുവരിയില്‍ത്തന്നെ നൂറുശതമാനം നികുതിപിരിവ് പൂര്‍ത്തിയാക്കി ജില്ലയില്‍ ഒന്നാം സ്ഥാനവും പൂമംഗലം നേടി. കഴിഞ്ഞ വര്‍ഷം ഡേറ്റ പ്യൂരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അപൂര്‍വം പഞ്ചായത്തുകളിലൊന്നാണു പൂമംഗലം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ആര്. വിനോദ്, സെക്രട്ടറി എന്‍.ജി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളാണു അവാര്‍ഡിനര്‍ഹമാക്കിയതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, വൈസ് പ്രസിഡന്റ് കവിത സുരേഷ്, സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പറഞ്ഞു.