ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്- മാലിന്യ സംസ്കരണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍
ഇരിങ്ങാലക്കുട: ശുചിത്വ മാലിന്യ സംസ്കരണ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്കി ഇരിങ്ങാലക്കുട നഗരസഭാ ബജറ്റ്. ഒരു കോടി 55 ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും 89.75 കോടി രൂപ വരവും 87.53 കോടി രൂപ ചെലവും 2,21,73,941 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ 2021-22 വര്‍ഷത്തെ ബജറ്റ് മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അവതരിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്കാരണ മേഖലയ്ക്കായി 11.94 കോടിയും കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും ജലസേചന പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും മട്ടുപ്പാവ് കൃഷി പ്രോത്സാഹനത്തിനായി 20 ലക്ഷം രൂപയും ജൈവവള വിതരണത്തിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണം-ക്ഷീരവികസനത്തിനുമായി 72 ലക്ഷം രൂപയും അങ്കണവാടികളുടെ പുരോഗതിക്കായി 42 ലക്ഷം രൂപയും പോഷകാഹാര വിതരണത്തിനായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ മുഴുവന്‍ ഭവനങ്ങളും അറ്റകുറ്റപണി നടത്തുന്നതിനു 50 ലക്ഷം രൂപയും ഭൂരഹിതരായവര്‍ക്കു സ്ഥലം വാങ്ങുന്നതിനു 50 ലക്ഷം രൂപയും സ്വയം തൊഴില്‍ പരീശീലന കേന്ദ്രം പുനനിര്മിക്കുന്നതിനു അഞ്ചു ലക്ഷം രൂപയും നഗരസഭാ ടൗണ്‍ഹാളിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലം അയ്യങ്കാളി സ്ക്വയറെന്നു നാമകരണം ചെയ്ത് അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും, ഗാര്‍ഹിക പൈപ്പ് കണക്ഷനുമായി 45 ലക്ഷം രൂപയും കിണര്‍ റീചാര്‍ജ് പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ ബൈപാസ് റോഡ് ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിനു ഒരു കോടി രൂപയും റോഡ് നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നാലു കോടി 25 ലക്ഷം രൂപയും കലുങ്ക്-പാലങ്ങള്‍ എന്നിവക്കായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആധുനിക അറവുശാല നിര്‍മാണത്തിനായി കിഫ്ബി മുഖേന 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിനു ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നതിനായി ഒരു കോടി രൂപയും ചാത്തന്മാസ്റ്റര് സ്മാരക കമ്യൂണിറ്റി ഹാള്‍ പൂര്‍ത്തീകരണത്തിനായി ഒന്നര കോടി രൂപയും ഷീ ലോഡ്ജ് പൂര്‍ത്തീകരണത്തിനായി 70 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 77,50,478 ലക്ഷം രൂപ മുന്‍ നീക്കിയിരിപ്പും, 55,06,94,764 രൂപ വരവും അടക്കം 55,28,86,088 രൂപ നീക്കിയിരിപ്പും വരുന്ന 2020-2021 ലെ പുതുക്കിയ ബജറ്റും ഒരു കോടി 55 ലക്ഷം രൂപ മുന്‍ നീക്കിയിരുപ്പും 89.75 കോടി രൂപ വരവും 87.53 കോടി രൂപ ചെലവും 2,21,73,941 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെ ബജറ്റുമാണു മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അവതരിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു.
കാറളം പഞ്ചായത്ത്- വീടുനിര്‍മാണത്തിനും കുടിവെള്ളത്തിനും ഊന്നല്‍
കാറളം: ലൈഫ് ഭവനനിര്‍മാണം, ജല്‍ജീവന്‍ കുടിവെള്ളം, നിലാവ് തെരുവുവിളക്ക് പരിപാലനം എന്നീ പദ്ധതികള്‍ക്കു മുന്‍ തൂക്കം നല്കി കാറളം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 14.15 കോടി രൂപ വരവും 13.74 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാറാണു അവതരിപ്പിച്ചത്. പ്രസിഡന്റ് സീമ കെ. നായര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അംബിക സുഭാഷ്, അംഗങ്ങളായ പി.വി. സുരേന്ദ്രലാല്‍, അജയന് തറയില്‍, ബിന്ദു പ്രദീപ്, ജ്യോതി പ്രകാശന്, ലൈജു ആന്റണി, വൃന്ദ അജിത്കുമാര്‍, സരിത വിനോദ്, ബീന സുബ്രഹ്മണ്യന്, രജനി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുരിയാട് പഞ്ചായത്ത്- വികസനവും സാമൂഹിക സുരക്ഷയും
മുരിയാട്: വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നല്‍ നല്കി മുരിയാട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 22.98 കോടി രൂപ വരവും 22.59 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു വൈസ് ചെയര്‍പേഴ്സണ്‍ ഷീല ജയരാജന് അവതരിപ്പിച്ചത്. ലൈഫ് മിഷന് പദ്ധതിക്കായി മൂന്നുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കേരനാട് മുരിയാട് പദ്ധതിക്കും നെല്ല്, പച്ചക്കറി, കൃഷി വികസനം തുടങ്ങി വിവിധ പദ്ധതികള്‍ക്കുമായി ഉത്പാദന മേഖലയില്‍ 1.61 കോടി, കുടിവെള്ള പദ്ധതികള്‍ക്കു 75 ലക്ഷം, വനിതാവികസനപദ്ധതികള്ക്കു 10 ശതമാനം തുക, പട്ടികജാതി വികസനത്തിനായി ഒരു കോടി 14 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. വാര്‍ഡ് തോറും ഗ്രാമകേന്ദ്രങ്ങള്‍, കളിസ്ഥലം, പഞ്ചായത്തിലെ കുട്ടികള്‍ക്ക് പിഎസ്സി, സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉയിരെ പദ്ധതി, പെണ്‍കുട്ടികള്‍ക്കു ആയോധന പരിശീലനം, ഔഷധഗ്രാമം പദ്ധതി, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, ആനന്ദപുരം ജിയുപി സ്കൂള്‍ വികസനം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. പ്രശാന്ത്, രതി ഗോപി, കെ.യു. വിജയന്, പഞ്ചായത്തംഗം തോമസ് തൊകലത്ത് എന്നിവര്‍ പങ്കെടുത്തു.
വേളൂക്കര പഞ്ചായത്ത്- സേവനമേഖലയ്ക്ക് മുന്‍തൂക്കം
കൊറ്റനെല്ലൂര്‍: സേവനമേഖലയ്ക്ക് 8.14 കോടി രൂപയും പാര്‍പ്പിട മേഖലയ്ക്ക് 3.5 കോടിയും ഉത്പാദന മേഖലയ്ക്ക് ഒരു കോടി രൂപയും വകയിരുത്തി വേളൂക്കര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു ബജറ്റ് അവതരിപ്പിച്ചു. 23.26 കോടി രൂപ വരവും 22.66 കോടി കോടി രൂപ ചെലവും 80 ലക്ഷം നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണു അവതരിപ്പിച്ചത്. സിന്ധ്യ ആന്റണി ബജറ്റ് ഷെഡ്യൂള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.