കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നു ,നവീകരണം ഭക്തരുടെ നേതൃത്വത്തില്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരകവാടത്തിന്റെ നവീകരണത്തിനു പിന്നാലെ പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നു. ദേവസ്വത്തിന്റെ സഹകരണത്തോടെ ഭക്തരുടെ നേതൃത്വത്തിലാണ് നവീകരിക്കുന്നത്. ഇതിനായി കൂടല്‍മാണിക്യം പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി രൂപവത്കരിച്ചു. കാലങ്ങളായി ജീര്‍ണാവസ്ഥയിലാണ് പടിഞ്ഞാറേ ഗോപുരം നില്‍ക്കുന്നത്. ഇതിന്റെ ഉത്തരവും കഴുക്കോലുമെല്ലാം ദ്രവിച്ച നിലയിലാണ്. പഴമ നിലനിര്‍ത്തിക്കൊണ്ട് കേടായതെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചാണ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കുക. തേക്ക് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തേക്കുപയോഗിച്ചുതന്നെ പുതിയവ സ്ഥാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സമിതിയുടെ പ്രഥമ യോഗം പടിഞ്ഞാറേ ഊട്ടുപുരയില്‍ ചേര്‍ന്നു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് തുടങ്ങുവാനും 2022 ലെ ഉത്സവത്തിനു മുമ്പായി പണികള്‍ പൂര്‍ത്തീകരിച്ച് സമര്‍പ്പണം നടത്താനും തീരുമാനിച്ചു. നമ്പ്യാരുവീട്ടില്‍ വിശ്വനാഥന്, നളിന്‍ബാബു, മനോജ് കള്ളിക്കാട്, അയ്യപ്പന് പണിക്കവീട്ടില്‍, നാരായണന് മേനോന്, കെ. കൃഷ്ണകുമാര്‍, കെ. കൃഷ്ണദാസ്, സ്റ്റാഫ് പ്രതിനിധി കെ.ജി. സുരേഷ്, ദേവസ്വം സൂപ്രണ്ട് മുരളി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.