പുരപ്പുറത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: കെഎസ്ഇബിയുടെ പുരപ്പുറത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോര്‍ജ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണു സൗരസോളാര് എന്നു പേരുള്ള പുരപ്പുറ സോളാര്‍ പദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയോടു കൂടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള പ്ലാന്റിനു 40 ശതമാനം സബ്സിഡിയും മൂന്നു മുതല്‍ 10 വരെ കപ്പാസിറ്റിയുള്ള പ്ലാന്റിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. ഒരു കിലോവാട്ട് പ്ലാന്റില്‍ നിന്നും പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതിയാണു ലഭ്യമാകുക. ഇതില്‍ ഉപഭോക്താവിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി നിശ്ചിത വിലക്കു കെഎസ്ഇബി വാങ്ങുകയും ചെയ്യും. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എടതിരിഞ്ഞിയിലുള്ള ചക്കഞ്ചാത്ത് മധുവിന്റെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള പുരപ്പുറ സൗരോര്‍ജ പ്ലാന്റാണു മന്ത്രി ഉദ്ഘാടനം ചെയ്തത്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധ ദിലീപ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സന്, ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുകുന്ദന്, സൗര പ്രൊജക്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.എസ്. സരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.