പരിശീലനത്തിനും മത്സരങ്ങള്‍ക്കും വേദിയായിട്ടുള്ള ഓങ്ങിച്ചിറ സുന്ദരിയാകും
അവിട്ടത്തൂര്‍: നീന്തല്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും വേദിയായിട്ടുള്ള അവിട്ടത്തൂര്‍ ഓങ്ങിച്ചിറയുടെ സൗന്ദര്യവത്കരണം തുടങ്ങി. വേളൂക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഓങ്ങിച്ചിറയില് പഞ്ചായത്ത് ഫണ്ടില്‍ നിന്നു 2021-22 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണു നവീകരണം നടക്കുന്നത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഡ്രസിംഗ് റൂം കൂടുതല്‍ സൗകര്യത്തോടെ പുതുക്കിപ്പണിയും. കുളത്തിനു ചുറ്റും കൈവരികള്‍ കെട്ടി സംരക്ഷണം ഒരുക്കല്‍, രണ്ടു മീറ്ററോളം വീതിയില്‍ കട്ടവിരിച്ചു ചുറ്റും നടപാതയൊരുക്കല്, ഓപ്പണ്‍ ജിം, കുട്ടികളുടെ ഉല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കുമെന്നു വാര്‍ഡ് അംഗവും വേളൂക്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബിബിന്‍ ബാബു തുടിയത്ത് പറഞ്ഞു. ചുറ്റും ഇടിഞ്ഞു നാശോന്മുഖമായ സ്ഥിതിയിലായിരുന്ന ഓങ്ങിച്ചിറ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.ഡി. ലാസര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച 78 ലക്ഷം രൂപ ഉപയോഗിച്ചു കുളം വൃത്തിയാക്കി നാലു വശവും കെട്ടി സംരക്ഷിച്ചത്. പിന്നീടു നീന്തല്‍ മത്സരങ്ങള്‍ക്കുള്ള തുറന്ന വേദിയായി ഇതു മാറി.