പോക്സോ കേസില്‍ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 55000 രൂപ പിഴയും
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പില്‍ വീട്ടില്‍ റിച്ചി ആന്റണി (24 ) 14 വര്‍ഷം തടവിനും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി. ആര്. വിധി പ്രസ്താവിച്ചു. 2017 മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ലൈംഗികാതിക്രമം ഉണ്ടായി എന്നാരോപിച്ച് ചാലക്കുടി പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 11 സാക്ഷികളേയും 18 രേഖകളും ഹാജരാക്കിയിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന ബി. കെ. അരുണ്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഡി. വൈ. എസ്. പി. ആയിരുന്ന സി. ആര്. സന്തോഷ് ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.