ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി; കാട്ടൂരില്‍ തരിശിടത്തില്‍ പച്ചക്കറികൃഷി തുടങ്ങി
കാട്ടൂര്‍: കാര്‍ഷിക വിളകള്‍ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും ഇരിങ്ങാലക്കുടയുടെ തനതായ ബ്രാന്‍ഡിങ് നടത്തി വിപണിയിലേക്ക് എത്തിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തരിശ്ശിടങ്ങളില് പച്ചക്കറി കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പീപ്പിള്‍സ് ഓര്ഗനൈസേഷന് ഫോര്‍ എന്‍വയോണ്‍മെന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, കൃഷിഭവന്, കര്‍ഷക സംഘങ്ങള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്കൂളുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓരോ വാര്‍ഡിലും കൃഷിയൊരുക്കുന്നത്.
നാലായിരത്തോളം പേരെ കൃഷിയിടങ്ങളിലേക്ക് ഇറക്കും. ഇതിനായി 25 ഏക്കര്‍ തരിശ്ശുഭൂമി ഇതിനോടകം പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. പൊഞ്ഞനം ക്ഷേത്രസ്ഥലത്ത് മന്ത്രി ആര്. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, ബ്ലോക്ക് പഞ്ചായത്തംഗം അമിതാ മനോജ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം എം.ബി. മുരളീധരന്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, പി.എസ്. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.