കാത്തിരിപ്പിന് വിരാമം: ഒരു നൂറ്റാണ്ട് പഴക്കമുള്ള കളത്തുംപടി പാലം വികസിക്കും
ഇരിങ്ങാലക്കുട: ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരമമാകുന്നു. ഷണ്മുഖം കനാലിന് കുറുകേ ഇരിങ്ങാലക്കുട നഗരസഭയേയും പൂമംഗലം പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കളത്തുംപടി പാലം (ചവിട്ടുപാലം) വലിയപാലമാക്കി പുനര്‍നിര്‍മിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പാലത്തിനും അനുബന്ധ റോഡിനുമായി രണ്ടുകോടി വകയിരുത്തിയതില്‍ 20 ശതമാനമായ നാല്പത് ലക്ഷം അനുവദിച്ചതോടെയാണ് പാലം യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സ്ഥല- മണ്ണ് പരിശോധനയ്ക്കുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കരാറുകാരനെ ഏല്‍പ്പിച്ചുകഴിഞ്ഞു.
ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നതിന് ശേഷം പാലത്തിന്റെ രൂപരേഖ അടക്കമുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്നുപീടിക റോഡില്‍ സോള്‍വെന്റ് കമ്പനിയുടെ കിഴക്കുഭാഗത്തുകൂടെ തെക്കോട്ടുഷണ്മുഖം കനാലിലേക്ക് ചെന്നുചേരുന്ന റോഡിലാണ് കളത്തുംപടി പാലം സ്ഥിതിചെയ്യുന്നത്. അഞ്ച് പടികള്‍ കയറി വേണം ഒരു മീറ്റര്‍ വീതിയിലുള്ള പാലം കടന്ന് തെക്കേ അതിരുള്ള പൂമംഗലം പഞ്ചായത്തില്‍പ്പെട്ട കനാല്‍ കിഴക്കെ ബണ്ട് റോഡിലെത്താന്‍.
ആളുകള്‍ക്ക് നാല് പടികള്‍ ചവിട്ടി കയറിവേണം ഇരുവശത്തേക്കും യാത്ര ചെയ്യാന്‍. ഇതുകൊണ്ട് ചവിട്ടുപാലമെന്നാണ് പ്രദേശവാസികള്‍ പാലത്തെ പറയുന്നത്. പാലത്തിലൂടെ നടന്നുപോകാന്‍ കഴിയുമെന്നല്ലാതെ ഒരു സൈക്കിള്‍ ഓടിച്ചുപോലും അപ്പുറം കടക്കാന്‍ സാധിച്ചിരുന്നില്ല. ഷണ്മുഖം കനാല്‍ കിഴക്കെ ബണ്ടിന് സമീപം എടക്കുളം പെരുവല്ലിപ്പാടം വരെ വഴി വന്ന് നില്‍ക്കുന്നുണ്ട്. ഇത് കിഴക്കേ ബണ്ട് റോഡിലെത്തിച്ച് പാലം കടന്നാല്‍ വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്ന് പ്രദേശത്തുള്ളവര്‍ക്കും എടക്കുളം കിഴക്കുഭാഗത്തുള്ളവര്ക്കും എളുപ്പം നഗരത്തിലെത്താന്‍ സാധിക്കും. കിടപ്പുരോഗികളെ എടുത്ത് പാലത്തിനു അപ്പുറം കടത്തി വാഹനത്തില്‍ കയറ്റിയാണു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്. അല്ലെങ്കില്‍ നാലര കിലോമീറ്ററോളം ചുറ്റി കോമ്പാറ ജംഗ്ഷനിലെത്തണം.
ഒരു കിലോമീറ്റര്‍ അപ്പുറത്ത് കനാല്‍പാലം വന്നിട്ടും തെക്കേ ബണ്ടില്‍നിന്നു വാഹനങ്ങള്‍ക്കു പോകാവുന്ന വീതിയുള്ള റോഡില്ലാത്തതിനാല്‍ ഈ ഭാഗത്തുള്ളവര്‍ക്കു ഗുണം ചെയ്യുന്നില്ല. ഇപ്പോള്‍ ഐക്കരക്കുന്ന് ഭാഗത്ത് താമസിക്കുന്നവര്‍ കോലോത്തുംപടി വഴി ചന്തക്കുന്നിലെത്തിയും എടക്കുളത്തുള്ളവര് ചേലൂര്‍ വഴിയും കലോമീറ്ററുകള്‍ താണ്ടി വേണം ഇരിങ്ങാലക്കുടയിലെത്താന്‍. പാലം യാഥാര്‍ഥ്യമായാല്‍ ഇപ്പോഴത്തെ ഈ ചുറ്റല് ഒഴിവാക്കാന്‍ ഇരുപഞ്ചായത്തിലുള്ളവര്ക്ക് സാധിക്കും. ചവിട്ടുപാലം പൊളിച്ച് വീതികൂട്ടി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ പാലം പുനര്‍നിര്‍മിക്കണമെന്ന് കാലങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണ് ഈ പാലം.