ഫുട്ബോള്‍ ആവേശം വീണ്ടെടുക്കാന്‍ ഒളിംപ്യന്‍ സ്പോര്‍ട്ടിംഗ് ക്ലബ്
ഇരിങ്ങാലക്കുട: 1972 73 കാലഘട്ടത്തില്‍ ഫുട്ബോള്‍ മൈതാനങ്ങളില്‍ സജീവമായിരുന്ന ഒട്ടേറെ താരങ്ങളെ വാര്‍ത്തെടുത്ത അന്നത്തെ ഒളിംപ്യന്‍ സപോര്‍ട്ടിംഗ് ക്ലബ് അംഗങ്ങള്‍ പഴയ കളിക്കളത്തില്‍ വീണ്ടും ഒത്തുചേര്‍ന്നു. കാല്പന്തുകളിയുടെ മൈതാനങ്ങളില്‍ ഇന്ന് ഓര്മ മാത്രമായി മാറിയ സ്പോര്‍ട്ടിംഗ് ക്ലബ്ബിനെ പുനര്‍ജനിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മൈതാനത്ത് അവര്‍ ഒന്നിച്ചത്.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ പ്രഹല്‍ദന്‍, തമിഴ്നാട് മുന്‍ സന്തോഷ് ട്രോഫി ടീം വൈസ് ക്യാപ്റ്റനും മുന്‍ മദ്രാസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന ജോസഫ് വര്‍ഗീസ്, ഗുജറാത്ത് സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായിരുന്ന തോമസ് കാട്ടൂക്കാരന്‍, കേരള പോലീസ് ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനായിരുന്ന സി.പി. അശോകന്, അബുദാബിയില്‍ ഇതിഹാദ് സ്പോര്‍ട്സ് അക്കാദമി കോച്ച് എന്‍.കെ. സുബ്രഹ്മണ്യന്, ജോഷി മാരാത്ത്, വെസ്റ്റേണ്‍ റെയില്‍വേ മുന്‍താരം ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു. ദേശീയ ഫുട്ബോളിന്റെ വികസന പാതയില്‍ സഞ്ചരിക്കാന്‍ സ്വന്തം നാട്ടില്‍ നിന്നും താരങ്ങളെ വാര്‍ത്തെടുക്കാനുമുള്ള ശ്രമത്തിലാണ് സ്പോര്‍ട്ടിംഗ് ക്ലബ് അംഗങ്ങള്‍.