പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ഐക്കരക്കുന്ന്: പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള നിര്‍വഹിച്ചു. 24 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.
25, 26 തിയതികളിലാണ് തിരുനാള്‍. അമ്പ് തിരുനാള്‍ദിനമായ 25ന് രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. അഭിലാഷ് വയലില്‍ മുഖ്യകാര്‍മികനായിരിക്കും. രാത്രി 8.30 മുതല്‍ 9.45 വരെ യൂണിറ്റുകളില്‍ നിന്ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തിരുനാള്‍ദിനമായ 26ന് രാവിലെ ഏഴിന് ദിവ്യബലി. വികാരി ഫാ. റിജോ ആലപ്പാട്ട് മുഖ്യകാര്‍മികത്വംവഹിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അനില്‍ പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി സന്ദേശംനല്കും.
വൈകീട്ട് 4.3ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ. മരിച്ചവരുടെ ഓര്‍മദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റിജോ ആലപ്പാട്ട്, കൈക്കാരന്മാരായ തോമസ് പാറേമല്‍, ജെയ്സന് കുന്നത്തുപറമ്പില്‍, സോജന് കുന്നത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ലോന കുന്നത്തുപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ സ്റ്റീഫന്‍ ഓടത്തക്കള്, ഷാന്റോ കുന്നത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.