യുട്യൂബ് നോക്കി ചാരായം വാറ്റിന് ഇറങ്ങിയ യുവാവ് പോലീസ് പിടിയിൽ: വിൽപ്പന വാട്ട്സ് ആപ്പിൽ ഓർഡർ എടുത്ത്
ഇരിങ്ങാലക്കുട: വാടകയ്ക്ക് എടുത്ത വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്ന നടവരമ്പ് സ്വദേശി പിടിയിൽ. കോലോത്തുംപടി തെക്കൂട്ട് പ്രജിലിനെയാണ് (44) ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ സിഐ അനീഷ് കരീം, എസ്ഐ ജിഷിൽ എന്നിവർ ചേർന്നു അറസ്റ്റു ചെയ്തത്. വീടിന്റെ മുകൾ നിലയിലെ ബാത്ത്റൂമിൽ വലിയ ഡ്രമ്മുകളിലായി വാഷ് കലക്കി വച്ച് ആവശ്യത്തിന് അനുസരിച്ച് പകർത്തി കൊണ്ടുവന്ന് താഴെ അടുക്കളയിൽ വെച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് എത്തുമ്പോൾ പകൽ വിൽപ്പന കഴിഞ്ഞ് അടുത്ത ദിവസത്തേക്കുള്ളത് വാറ്റിയെടുക്കുന്ന തിരക്കിലായിരുന്നു പ്രതി. അരലിറ്റർ ചാരായവും നൂറു ലിറ്ററോളം വാഷും പിടിച്ചെടുത്തു. ചാരായം പകർത്തി വിൽക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന 200 ഓളം പുതിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാൾ ലോക്ഡൗണിൽ കാശ് ഉണ്ടാക്കുന്നതിനായി യൂട്യൂബ് നോക്കി ചാരായം വാറ്റ് കണ്ടുപഠിച്ചാണ് വാറ്റാനിറങ്ങിയതെന്നു പ്രജിൽ പോലീസിനോടു പറഞ്ഞു. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും 20 ലിറ്ററിന്റെ വലിയ കുക്കറിലാണു ചാരായം വാറ്റ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയത്. ഓരോ കുപ്പിക്കും ആയിരത്തിലധികം രൂപയാണ് ഈടാക്കിയിരുന്നത്. പോലീസ് പരിശോധനയ്ക്കായി എത്തിയപ്പോൾ ഇയാൾ ചാരായം വാറ്റ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പഴങ്ങളിട്ട് തയാറാക്കിയ 120 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വാട്സ് ആപ്പിൽ ഓർഡർ എടുത്തായിരുന്നു വിൽപന നടത്തിയിരുന്നത്. എസ്ഐമാരായ ശ്രീനി, ഷറഫുദ്ദീൻ, മനു, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.എസ്. ശ്രീജിത്ത്, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, അനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോടതിയിൽ ഹാജരാക്കി.