സമ്പൂര്‍ണമായ പട്ടിണിയില്ലാത്ത കുടുംബം എന്ന ലക്ഷ്യത്തില്‍ ആല്‍ഫ അന്നം ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കം
വെള്ളാങ്കല്ലൂര്‍: സമ്പൂര്‍ണമായ പട്ടിണിയില്ലാത്ത കുടുംബം എന്ന ലക്ഷ്യത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ ആല്‍ഫ അന്നം ഫുഡ് ബാങ്ക് എന്ന പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ലോഗോ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പ്രകാശനം ചെയ്തു. ഷഫീര്‍ കാരുമാത്ര അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബവും പട്ടിണി കിടക്കില്ല എന്ന ലക്ഷ്യത്തിലാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. മാരക രോഗങ്ങളാലും ലോക്ഡൗണിന്റെ സാഹചര്യത്തിലും നിരവധി കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്. അവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കിറ്റുകളായി എത്തിച്ചു നല്‍കും. അവശ്യ വിഭവങ്ങളായോ സാമ്പത്തികമായോ സഹകാരികളില്‍ നിന്നു കണ്ടെത്തി അര്‍ഹരായവര്‍ക്ക് ആല്‍ഫയിലെ വൊളന്റിയര്‍മാര്‍ എത്തിച്ചു നല്കുമെന്നു സംഘാടകര്‍ അറിയിച്ചു. പി.എം. അബ്ദുള്‍ ഷക്കൂര്‍, പി.കെ.എം. അഷ്റഫ്, എം.എ. അലി, എം.എ. അന്‍വര്‍, മെഹര്ബാന് ഷിഹാബ്, രജിത ആന്റണി, ദൃശിക സുകുമാര്‍, ഷിനി അയൂബ് എന്നിവര്‍ പ്രസംഗിച്ചു.