ആനീസ് കൊലപാതകം- ലോക്ഡൗണ്‍ ദിനങ്ങളിലും അന്വേഷണം ഊര്‍ജിതം
സമീപത്തെ വീട്ടുപറമ്പില്‍ നിന്നും ലഭിച്ച കട്ടറില്‍ പറ്റിപിടിച്ചിരിക്കുന്നത് രക്തക്കറയല്ല തരുമ്പ് മാത്രം
ഇരിങ്ങാലക്കുട: തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ലോക്ഡൗണ്‍ ദിനങ്ങളിലും ഊര്‍ജിതം. ക്രൈബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. മികവു തെളിയിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആറംഗ സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആനീസിന്റെ സമീപത്തെ വീട്ടുപറന്വില് നിന്നും കട്ടര്‍ കണ്ടെത്തിയിരുന്നു. ആനീസിന്റെ വളകള്‍ മുറിക്കാന്‍ ഉപയോഗിച്ചതായിരിക്കാം ഈ കട്ടര്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. കട്ടര്‍ ലഭിതോടെ സമീപത്തെ പറമ്പികളിലെ കിണറുകള്‍ വറ്റിക്കുകയും പറമ്പുകളിലെ പുല്ലുകള്‍ വെട്ടി പരിശോധിക്കുകയും ചെയതിരുന്നു. എന്നാല്‍ അന്വേഷണത്തിലേക്ക് വഴിവക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ആനീസിന്റെ രക്ത സാമ്പിളുകളുമായി കട്ടറിലെ ചുവന്ന തരികള്‍ സാമ്യം ഉണ്ടോയെന്നു പരിശോധിക്കുന്നതിനായി കട്ടര്‍ രാസപരിശോധന നടത്തിയിരുന്നു. ഇതില്‍ പറ്റിപിടിച്ചിരിക്കുന്നത് രക്തകറയല്ല മറിച്ച് തുരുമ്പ് മാത്രമാണെന്നാണ് രാസപരിശോധനാ ഫലത്തില്‍ വ്യക്തമായത്. എന്നിരുന്നാലും കട്ടറുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണം അവസാനിപ്പിച്ചീട്ടില്ല. കൊലപാതകം നടന്ന വീട്ടുപറമ്പില്‍ നിന്നും ലഭിച്ച കത്തിയുടെ പരിശോധനാഫലം വരാനുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൊലപാതകം നടന്ന വീടിനു പരിസരങ്ങളിലും മാര്‍ക്കറ്റിനു പരിസരത്തെ വീടുകളും അന്വേഷണ സംഘം എത്തിയിരുന്നു. ഈ വീടുകളിലെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ സംഘം ശേഖരിച്ചീട്ടുണ്ട്. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ അറവുശാലയ്ക്ക് സമീപം പരേതനായ കൂനന്‍ പോള്‍സണ്‍ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ്ങ് റൂമിനോട് ചേര്‍ന്നുള്ള മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ ലോക്കല്‍ പോലീസ് മുന്‍ ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കേസന്വേഷണത്തിന് സഹായകമായ ഒരു തെളിവുപോലും ലഭിച്ചിരുന്നില്ല. പിന്നീടാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഷണത്തിന് വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ ഉറച്ചു നില്ക്കാന് അന്വേഷണസംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ലെന്നതും ആകെ നഷ്ടമായത് ആനീസ് അണിഞ്ഞിരുന്ന വളകള്‍ മാത്രമായിരുന്നുവെന്നതും ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്നതാണ്. വളരെ എളുപ്പത്തില്‍ മോഷ്ടാവിന് അല്ലെങ്കില്‍ മോഷ്ടാക്കള്‍ക്ക് എടുത്തുകൊണ്ടുപോകാമായിരുന്ന സ്വര്‍ണവും പണവും തൊട്ടുനോക്കാതെ വളകള്‍ മാത്രം കവര്‍ന്ന ആ കുറ്റകൃത്യത്തിന് പിന്നിലെ രഹസ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നത്. സിസി ടിവി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്ത കേസാണ് ആനീസ് കൊലക്കേസ്. സാധാരണ കൊലക്കേസുകളില്‍ പോലീസിനെ ഏതെങ്കിലും നിഗമനങ്ങളിലേക്ക് നയിക്കുന്ന ഒരു തുമ്പും തെളിവും ഈ കേസിലുണ്ടായില്ല. അന്യസംസ്ഥാനതൊഴിലാളികള്‍, ആനീസിന്റെ ലൗ ബേര്‍ഡ്സ് ബിസിനസിലെ ഇടപാടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ ദിവസങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.