ഉണ്ണായിവാരിയര്‍ കലാനിലയത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എട്ടുമാസമായി ശമ്പളമില്ല
2021-22 വര്‍ഷത്തെ ഗ്രാന്റിലെ ആദ്യ ഗഡുവായി ലഭിച്ചത് 15 ലക്ഷം രൂപ
ഇരിങ്ങാലക്കുട: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴുമാസമായി ശമ്പളം നല്കാനാകാതെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രതിസന്ധിയില്‍. കഥകളി അഭ്യസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ട് പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടയില്‍ സ്ഥിതി ചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം. സര്‍ക്കാര്‍ ഗ്രാന്റിന്റെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കലാനിലയത്തില്‍ 202122 വര്‍ഷത്തെ ഗ്രാന്റില്‍ ആദ്യഗഡുവായി ലഭിച്ചത് 15 ലക്ഷം രൂപയാണ്. ഇതുപയോഗിച്ച് 2020 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളക്കുടിശിക മാത്രമെ കൊടുത്തു തീര്‍ക്കാന്‍ സാധിച്ചുള്ളു. ഡിസംബര്‍ മുതല്‍ 2021 ജലായ് വരെയുള്ള ശമ്പളമാണ് ഇനി നല്‍കാനുള്ളത്. 50 ലക്ഷമാണ് കലാനിലയത്തിന്റെ വാര്‍ഷിക ഗ്രാന്റ്. അടുത്ത ഗഡു സെപ്റ്റംബറോടെ നല്കാനാകുകയുള്ളൂവെന്നാണ് സര്‍ക്കാരില്‍ നിന്ന് അറിഞ്ഞതെന്ന് ജീവനക്കാര്‍ പറഞ്ഞു. 11 അധ്യാപകരും നാലു ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമടക്കം 16 പേരാണ് കലാനിലയത്തില്‍ ജോലി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റുകൊണ്ടു മാത്രം പ്രവര്‍ത്തിക്കുന്ന കലാനിലയത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡുമായി ഒരു വര്‍ഷം 65 ലക്ഷത്തോളം രൂപ വേണം. ഇതിനുപുറമെ ബോണസും മറ്റ് ആനുകൂല്യങ്ങളുമടക്കം 80 ലക്ഷം രൂപ പ്രതിവര്‍ഷം ആവശ്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും മാസംതോറും 1500 രൂപ വെച്ചാണ് സ്റ്റൈപ്പന്‍ഡ് അനുവദിക്കുന്നത്. 2009 ലെ ശമ്പള പരിഷ്കരണപ്രകാരമുള്ള വേതനമാണ് കലാനിലയം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഗുണം ഇതുവരേയും ലഭിച്ചിട്ടില്ല. 2009 ലെ ആനുകൂല്യം തന്നെ കോടതി ഉത്തരവ് പ്രകാരമാണ് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 202021 ലെ ബജറ്റില്‍ സ്പെഷല്‍ ഗ്രാന്റായി ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരേയും ലഭിച്ചിട്ടില്ലെന്ന് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയംസെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ തന്നെ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഒരുകോടി രൂപ സ്പെഷല്‍ ഗ്രാന്റ് അനുവദിച്ചിരുന്നു. പിന്നീട് അത് വെട്ടിക്കുറച്ച് 50 ലക്ഷമാക്കി. അതിന്റെ ഓര്ഡറായെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് തടഞ്ഞു. പിന്നെ അത് ലഭിച്ചിട്ടില്ല. കലാനിലയത്തിനു ലഭിക്കുന്ന ഗ്രാന്റ് രണ്ടാംഗഡുവിനു സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. മതിയായ ഫണ്ട് ലഭിച്ചില്ലെങ്കില്‍ കലാനിലയത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് സെക്രട്ടറി കൂട്ടിചേര്‍ത്തു.