അവധി ദിവസങ്ങളില്‍ അനധികൃത മദ്യവില്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: അവധി ദിവസങ്ങളില്‍ അനധികൃത മദ്യവില്പന നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. മാടായിക്കോണം കരിങ്ങട വീട്ടില്‍ മാത്യുവി (49) നെയാണ് ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എസ്.പി സുധീരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് പതിമൂന്നരലിറ്റര്‍ വിദേശമദ്യം പിടികൂടി. അരലിറ്ററിന്റെ 19 ബോട്ടിലും ഒരു ലിറ്ററിന്റെ നാലു ബോട്ടിലും മദ്യമാണു പിടികൂടിയത്. അനധികൃത മദ്യവില്പന തടയുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്. കുറച്ചുനാളുകളായി ഇയാള്‍ മദ്യവില്‍പ്പന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബിവറേജ് അവധി ദിവസങ്ങളായതിനാല്‍ വില്പന നടത്തി വരുന്നതിനിടെയാണു പിടിയിലായത്. പിറ്റേദിവസത്തെ വില്പനക്കായി വെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. എസ്ഐ ഷറഫുദ്ദീന്, സീനിയര്‍ സിപിഒമാരായ കെ.എസ്. ശ്രീജിത്ത്, ഉമേഷ്, സോണി സേവ്യര്‍, ഇ.എസ്. ജീവന്, വനിത സീനിയര്‍ സിപിഒ വിവ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.